ഗുരുദേവൻ ഈശ്വരാവതാരം: അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി
ശിവഗിരി: ശ്രീനാരായണ ഗുരുദേവൻ ഈശ്വരാവതാരമാണെന്ന് കവടിയാർ കൊട്ടാരത്തിലെ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി. 93-ാമത് ശിവഗിരി തീർത്ഥാടനകാല സമ്മേളനത്തിന്റെ ആചാര്യ സ്മൃതി പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ഭഗവത്ഗീതയിൽ ശ്രീകൃഷ്ണപരമാത്മാവ് ഉപദേശിക്കുന്ന യദാ യദാ ഹി ധർമ്മസ്യ എന്ന സങ്കല്പപ്രകാരമുള്ള അവതാരപുരുഷനാണ് ഗുരുദേവൻ. ഗീതയിലെ ഈ അവതാരസങ്കല്പശ്ലോകം ചൊല്ലിക്കൊണ്ടാണ് ഗൗരിലക്ഷ്മിഭായി പ്രസംഗം ആരംഭിച്ചത്.
അജ്ഞാനത്തിൽ നിന്നും ജ്ഞാനത്തിന്റെ മാർഗത്തിലേക്ക് ജനതയെ നയിച്ച ഗുരുക്കന്മാരിൽ മുൻനിരയിലാണ് ഗുരുദേവൻ. ഒരിക്കൽ ഗുരുദേവൻ വിശ്രമിക്കുന്ന വേളയിൽ ഒരാൾ വിഷമാവസ്ഥകൾ വന്ന് പറഞ്ഞപ്പോൾ പരിഹാരം കണ്ടെത്താൻ രാജകുടുംബത്തിൽ ഒരു ജനനമുണ്ടാകുമെന്ന് ഗുരുദേവൻ അരുൾ ചെയ്തതു. ചിത്തിര തിരുനാൾ മഹാരാജാവിന്റെ ജനനം മുന്നിൽ കണ്ടായിരുന്നു പ്രവചനം. ആദ്ധ്യാത്മിക ആചാര്യന്മാർക്ക് ജന്മം നൽകിയ നാടാണ് ഭാരതമെന്നും കാലം മുന്നോട്ടുപോകുമ്പോൾ ഗുരുക്കന്മാരും അവതരിക്കുന്നുവെന്നും അശ്വതി തിരുനാൾ പറഞ്ഞു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിച്ചു. ആചാര്യ സ്മൃതി പ്രഭാഷണ പരമ്പരയിൽ ശ്രീരാമകൃഷ്ണദേവൻ,തൈക്കാട്ട് അയ്യാവ് സ്വാമി,ചട്ടമ്പിസ്വാമി,രാമാനന്ദഗുരുദേവൻ,സദാനന്ദസ്വാമി,ചിന്മയാനന്ദസ്വാമി,ബ്രഹ്മാനന്ദശിവയോഗി,വാഗ്ഭടാനന്ദൻ,ശിവാനന്ദപരമഹംസൻ,രാമാനന്ദഗുരുദേവൻ,ബോധാനന്ദസ്വാമി എന്നിവരെ അനുസ്മരിച്ച് യഥാക്രമം സ്വാമി ഭുവനാത്മാനന്ദ (ശ്രീരാമകൃഷ്ണമഠം,വൈറ്റില),രവികുമാർ (അയ്യാമിഷൻ,തൈക്കാട്),കൃഷ്ണമയാനന്ദസ്വാമി (പന്മനആശ്രമം),ഡോ. ധർമ്മാനന്ദതീർത്ഥ സ്വാമി (രാമാനന്ദാശ്രമം,മണ്ണൂർ),ജയരാജ് ഭാരതി (ചാലക്കുടി),ശിവാനന്ദയോഗി (സിദ്ധാശ്രമം,ആലത്തൂർ),ഡോ. വിനീഷ് എ. കെ (കേരള ആത്മവിദ്യാസംഘം സംസ്ഥാന കമ്മിറ്റി അംഗം),ധർമ്മാനന്ദസ്വാമി എന്നിവർ പ്രഭാഷണങ്ങൾ നടത്തി. സ്വാമി സത്യാനന്ദതീർത്ഥ സ്വാഗതവും ഗുരുധർമ്മ പ്രചാരണസഭ സെക്രട്ടറിയും തീർത്ഥാടന കമ്മറ്റി ജോയിന്റ് സെക്രട്ടറിയുമായ സ്വാമി അസംഗാനന്ദഗിരി നന്ദിയും പറഞ്ഞു.