എസ്.ഐ.ആർ: നീട്ടണമെന്ന ചീഫ് സെക്രട്ടറിയുടെ ആവശ്യം തള്ളി
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.ഐ.ആർ എന്യുമറേഷൻ ഫോം സ്വീകരിക്കുന്നത് രണ്ടാഴ്ചത്തേക്ക് നീട്ടണമെന്ന ചീഫ് സെക്രട്ടറിയുടെ അപേക്ഷ ഇലക്ഷൻ കമ്മിഷൻ തള്ളി. ഫോം സ്വീകരിക്കുന്ന ആദ്യഘട്ടം നീട്ടണമെന്ന് സംസ്ഥാനം നൽകിയ അഭ്യർത്ഥന മാനിച്ച് ഡിസംബർ നാലിൽ നിന്ന് 18ലേക്ക് നീട്ടിയിരുന്നു. വീണ്ടും നീട്ടേണ്ടതില്ലെന്ന മറുപടി ഇന്നലെ ചീഫ് സെക്രട്ടറിക്ക് ഇലക്ഷൻ കമ്മിഷൻ കൈമാറി. എന്യുമറേഷൻ ഘട്ടം 100 ശതമാനം പൂർത്തിയായെന്നും കമ്മിഷൻ അറിയിച്ചു.
യുവാക്കളെ ചേർക്കാൻ
പ്രത്യേക ക്യാമ്പയിൽ
സംസ്ഥാനത്ത് 18നും 30നും ഇടയിൽ പ്രായമുള്ള 56 ലക്ഷം വോട്ടർമാരാണ് ഇന്നലെ പുറത്തിറക്കിയ കരട് വോട്ടർ പട്ടികയിലുള്ളത്. 36 ലക്ഷത്തോളം യുവാക്കൾ പട്ടികയിൽ ഉൾപ്പെടാതെ പുറത്തുണ്ട്. അവരുടെ പേരു ചേർക്കുന്നതിനുള്ള വിപുലമായ ക്യാമ്പയിൻ സ്കൂൾ, കോളേജ് തലങ്ങളിൽ നടത്തുമെന്ന് മുഖ്യ തിരഞ്ഞടുപ്പ് ഒാഫീസർ രത്തൻ യു. ഖേൽക്കർ അറിയിച്ചു.
എസ്.ഐ.ആർ: യഥാർത്ഥ വോട്ടർമാരെ ഉൾപ്പെടുത്തണം
ആലപ്പുഴ: എസ്.ഐ.ആർ പരിഷ്കരണവുമായി ബന്ധപ്പെട്ട് പേരുകൾ വിട്ടുപോയ യഥാർത്ഥ വോട്ടർമാരെ പട്ടികയിലുൾപ്പെടുത്താൻ തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. എസ്. ഐ.ആർ നടപടികളിൽ വ്യാപകമായ പാകപ്പിഴവുകള് ഉണ്ടായിട്ടുണ്ട്. തന്റെ മണ്ഡലത്തിലെ പട്ടികയിൽ ഇരുപത്തിനാലായിരത്തോളം വോട്ടർമാരെയാണ് വെട്ടിമാറ്റിയത്.കമ്മീഷന്റെ ശ്രദ്ധയിൽപ്പെടുത്തിയതോടെ ഇത് പതിനാലായിരമായി ചുരുങ്ങി. ഇതിൽ തന്നെ അയ്യായിരത്തോളം പേര് മരിച്ചവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മറ്റുള്ളവരുടെ വിശദാംശങ്ങൾ പരിശോധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.