ഗുരുദേവ ദർശനം സമൂഹ നന്മയ്ക്ക്: സ്വാമി

Wednesday 24 December 2025 12:08 AM IST

വർക്കല: ശ്രീനാരായണഗുരുദേവന്റെ വിശ്വമാനവിക ദർശനത്തിലൂടെ വ്യക്തിജീവിതത്തെ സമ്പന്നമാക്കി സാമൂഹിക നന്മയ്ക്ക് വേണ്ടി പ്രവർത്തിക്കാൻ കഴിയണം. നാരായണഗുരുകുല കൺവെൻഷനിലൂടെ ഇതാണ് നേടേണ്ടതെന്ന് ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പറഞ്ഞു. 75-ാമത് നാരായണഗുരുകുല കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്വാമി.

അദ്വൈത ദർശനത്തെ പ്രായോഗിക ജീവിതത്തിൽ കൊണ്ടുവരുവാൻ ശ്രമിച്ചുവെന്നതാണ് ഗുരുവിന്റെ ജീവിത മാഹാത്മ്യവും ദാർശനിക മാഹാത്മ്യവും. സമസ്ത സങ്കുചിത,​ വിഭാഗീയ ചിന്തകളെയും തൂത്തെറിഞ്ഞ് സന്തുലിതമായ സാമൂഹിക പശ്ചാത്തലം സൃഷ്ടിക്കുകയാണ് ഗുരു ചെയ്തത്. ജീവിതത്തിൽ നമുക്കുണ്ടായ നേട്ടങ്ങളെയും കോട്ടങ്ങളെയും സത്യസന്ധമായി വിലയിരുത്താൻ കഴിയണം. കോട്ടങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ തിരുത്തപ്പെടാനുള്ള സന്ദർഭമായി ഓരോ കൺവെൻഷനുകളും മാറണം. അതിലൂടെ മാത്രമേ ഗുരുകുല കൺവെൻഷൻ നൽകുന്ന മഹത്തായ ലക്ഷ്യത്തെ അന്വർത്ഥമാക്കാൻ കഴിയൂ.