പരോളിനടക്കം കൈക്കൂലി ജയിൽ ഡി.ഐ.ജി വിനോദിന് സസ്‌പെൻഷൻ

Wednesday 24 December 2025 12:10 AM IST

തിരുവനന്തപുരം: ജയിൽ ഉദ്യോഗസ്ഥരിൽ നിന്നും പരോളിനടക്കം തടവുകാരിൽ നിന്നും ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയ ജയിൽ ആസ്ഥാനത്തെ ഡി.ഐ.ജി എം.കെ. വിനോദ് കുമാറിനെ സർക്കാർ ഒടുവിൽ സസ്പെൻഡ് ചെയ്തു. 1.8 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന് തെളിവുകൾ കണ്ടെത്തി വിജിലൻസ് കേസെടുത്തതിനെ തുടർന്നാണിത്.

ഗുരുതര കുറ്റകൃത്യം ചെയ്ത ഡി.ഐ.ജിയെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന് വിജിലൻസ് മേധാവി മനോജ് എബ്രഹാം സർക്കാരിന് കത്ത് നൽകി ഒരാഴ്ച ആയപ്പോഴാണ് നടപടി. ജയിൽ ആസ്ഥാനത്തെ സുപ്രധാന പദവിയിൽ ഡി.ഐ.ജി തുടർന്നാൽ തെളിവുകൾ നശിപ്പിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കുമെന്നും വിജിലൻസ് ചൂണ്ടിക്കാട്ടിയിരുന്നു. ഡി.ഐ.ജിയുടെ അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ചും വിജിലൻസ് പ്രാഥമികാന്വേഷണം തുടങ്ങിയിട്ടുണ്ട്.

ജയിലുകളിൽ തടവുകാർക്ക് സൗകര്യമൊരുക്കാനും ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിനുമായിരുന്നു ലക്ഷങ്ങളുടെ കൈക്കൂലി. ടി.പി കൊലക്കേസ് പ്രതികളായ കൊടിസുനി, സിജിത്ത് അടക്കമുള്ളവരിൽ നിന്നും പണംവാങ്ങി. ഡി.ഐ.ജിയുടെയും ഭാര്യയുടെയും അക്കൗണ്ടുകളിൽ 75 ലക്ഷം രൂപയെത്തിയിട്ടുണ്ടെന്നും വിജിലൻസ് പറയുന്നു.

ഡി.ഐ.ജിയുടെ ആലപ്പുഴയിലെ വീട്ടിലും പൂജപ്പുരയിലെ ക്വാർട്ടേഴ്സിലും റെയ്ഡ് നടത്തിയ വിജിലൻസ് നിരവധി രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്.