കാലിക്കറ്റ് സർവകലാശാല: സെർച്ച് കമ്മിറ്റി പുന:സംഘടിപ്പിച്ചു

Wednesday 24 December 2025 12:09 AM IST

തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാലാ വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി ഗവർണർ പുന:സംഘടിപ്പിച്ചു. സെർച്ച് കമ്മിറ്റിയിലേക്കുള്ള സെനറ്റ് പ്രതിനിധിയായി ഡോ.ആർ.രാമകുമാറിനെ സെനറ്റ് യോഗം തിരഞ്ഞെടുത്തു. മുംബയ് ടാറ്റാ ഇൻസ്റ്റ്യൂട്ട് ഒഫ് സോഷ്യൽ സയൻസിലെ സ്കൂൾ ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസിലെ പ്രൊഫസറും സംസ്ഥാന ആസൂത്രണബോർഡ് അംഗവുമാണ്.

പുതിയ സെർച്ച് കമ്മിറ്റിയിൽ യൂണിവേഴ്സിറ്റി പ്രതിനിധിയായി ഡോ.ആർ.രാമകുമാർ,ചാൻസലറുടെ പ്രതിനിധിയായി ബംഗളുരു ജവഹർലാൽ നെഹ്റു സെന്റെർ ഫോർ അഡ്വാൻസ് റിസർച്ചിലെ പ്രൊഫ.ജി.യു.കുൽക്കർണി, യു.ജി.സിയുടെ നോമിനിയായി മുംബയ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ.രവീന്ദ്ര.ഡി.കുൽക്കർണി എന്നിവരാണുള്ളത്. ചാൻസലറുടെ പ്രതിനിധിയാണ് കമ്മിറ്റിയുടെ കൺവീനർ. കമ്മിറ്റി മൂന്നുമാസത്തിനുള്ളിൽ നിയമനത്തിന് മൂന്നു മുതൽ അഞ്ചു വരെയുള്ളവരുടെ ഒരു പാനൽ നൽകണം. വി.സി നിയമനത്തിന് 40ഓളം അപേക്ഷകൾ ലോക്ഭവനിൽ ലഭിച്ചിട്ടുണ്ട്.