ഡ്രോൺ ചിത്രീകരണം: ദിലീപിന്റെ സഹോദരി പരാതി നൽകി

Wednesday 24 December 2025 12:15 AM IST

ആലുവ: നടിയെ ആക്രമിച്ച കേസിലെ വിധിപ്രസ്താവന ദിവസം നടൻ ദിലീപിന്റെ ആലുവ കൊട്ടാരക്കടവിലെ വസതിയും കുടുംബാംഗങ്ങളെയും ഡ്രോൺ ഉപയോഗിച്ച് പകർത്തി സംപ്രേഷണം ചെയ്തതിനെതിരെ ദിലീപിന്റെ സഹോദരി എസ്. ജയലക്ഷ്മി (സബിത) ആലുവ പൊലീസിൽ പരാതി നൽകി. ചില ദൃശ്യമാദ്ധ്യമങ്ങളുടെ പേരും ദൃശ്യങ്ങളും സഹിതമാണ് പരാതി. ഡിസംബർ എട്ടിനാണ് കോടതി ദിലീപിനെ കുറ്റവിമുക്തനാക്കിയത്. അന്ന് ദിലീപ് വീട്ടിൽ നിന്ന് കോടതിയിലേക്ക് പോകുന്നതും തിരികെ വരുന്നതുമായ ദൃശ്യങ്ങൾ ഡ്രോൺ ഉപയോഗിച്ച് ചിത്രീകരിച്ചിരുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും ഉൾപ്പെടെ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു എന്നതാണ് പരാതി. പരാതിയിൽ നിയമവശം പരിശോധിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.