തൊഴിലുറപ്പ് ഉപേക്ഷിച്ച് 3.58 ലക്ഷം പേർ
കുടിശ്ശിക 806 കോടി രൂപ
മലപ്പുറം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് (എം.ജി.എൻ.ആർ.ഇ.ജി.എസ്) പദ്ധതിയിൽ കേരളത്തിൽ നിന്ന് മൂന്ന് വർഷത്തിനിടെ ജോലി ഉപേക്ഷിച്ചത് 3.58 ലക്ഷം പേർ. തൊഴിൽ ദിനങ്ങളും വേതനവും തീരെ കുറവായതും കൂലി കുടിശികയാവുന്നതും തൊഴിലാളികളുടെ കൊഴിഞ്ഞുപോക്ക് കൂട്ടിയിട്ടുണ്ട്. സംസ്ഥാനത്ത് 22,61,499 സജീവ തൊഴിലാളികളുണ്ട്. ഇതിൽ 89.2 ശതമാനവും സ്ത്രീകളാണ്. പ്രതിദിനം 369 രൂപയാണ് വേതനമായി ലഭിക്കുക. പുരുഷ പ്രാതിനിധ്യം കുറവാണ്. ഒരു സാമ്പത്തിക വർഷത്തിൽ കുറഞ്ഞത് 100 ദിവസം തൊഴിൽ ഉറപ്പാക്കുകയും കുടുംബങ്ങളുടെ ജീവിത സുരക്ഷ ഉറപ്പാക്കുകയുമാണ് പദ്ധതി ലക്ഷ്യം. നൂറ് ദിനം മിക്കവർക്കും ലഭിക്കാറില്ല. നിലവിൽ 226 തരം ജോലികളാണ് പദ്ധതിയുടെ ഭാഗമായിട്ടുള്ളത്. തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം, സാധനസാമഗ്രികളുടെ ചെലവ് ഉൾപ്പെടെ 806 കോടിയോളം രൂപ കുടിശ്ശികയാണ്. ഇതിൽ 405 കോടി രൂപ അവിദഗ്ദ്ധ തൊഴിലാളികളുടെ വേതനമാണ്. ഭരണച്ചെലവ് 87.28 കോടിയും. ഇവ രണ്ടും കേന്ദ്ര സർക്കാരാണ് നൽകേണ്ടത്. സാധനസാമഗ്രികൾ, വിദഗ്ദ്ധ തൊഴിലാളികളുടെ കൂലി എന്നിവ 75:25 അനുപാതത്തിൽ കേന്ദ്രവും സംസ്ഥാനവും വഹിക്കണം.
ദേശീയ തൊഴിലുറപ്പ് പദ്ധതിയിലെ വ്യവസ്ഥയനുസരിച്ച് വേതനം രണ്ടാഴ്ചക്കുള്ളിൽ നൽകണം. ഒക്ടോബർ മുതൽ വേതനം നൽകിയിട്ടില്ല. ഈ സാമ്പത്തിക വർഷം അഞ്ച് കോടി തൊഴിൽദിനങ്ങളാണ് കേരളത്തിന് അനുവദിച്ചിട്ടുള്ളത്. നിലവിൽ അഞ്ചരക്കോടി തൊഴിൽ ദിനങ്ങൾ നൽകിക്കഴിഞ്ഞു. കേന്ദ്ര ഗ്രാമവികസന മന്ത്രാലയം ലേബർ ബഡ്ജറ്റ് ഉയർത്തിയാണ് ഇതിന് പരിഹാരം കാണാറുള്ളത്. ഇതുവരെ ഇതിനുള്ള നടപടികളൊന്നും കൈക്കൊണ്ടിട്ടില്ല.
സാമ്പത്തിക വർഷം - കൊഴിഞ്ഞുപോയ തൊഴിലാളികൾ 2022-23 ....................................... 1,40,372 2023-24....................................... 97,001 2024- 25..................................... 1,21,338
ആകെ....................................... 3,58,711