മനുഷ്യനേക്കാൾ വേഗത്തിൽ യന്ത്രങ്ങൾ ചിന്തിക്കുമ്പോൾ
'എഴുത്തും വായനയും അറിയാത്തവരല്ല, മറിച്ച് മാറ്റങ്ങളെ ഉൾക്കൊള്ളാൻ കഴിയാത്തവരാകും ഭാവിയിലെ നിരക്ഷരർ"- ആൽവിൻ ടോഫ്ലറുടെ വാക്കുകൾക്ക് മുമ്പെങ്ങുമില്ലാത്ത പ്രസക്തിയുണ്ട് ഇന്ന്.ഡിജിറ്റൽ കുതിച്ചുചാട്ടത്തിന്റെ വക്കിലാണിന്ന് ലോകം. ആവിയന്ത്രവും വൈദ്യുതിയും കമ്പ്യൂട്ടറും കൊണ്ടുവന്ന വിപ്ലവങ്ങൾക്ക് ശേഷം നാലാം വ്യവസായ വിപ്ലവത്തിന് (Fourth Industrial Revolution) സാക്ഷ്യം വഹിക്കുകയാണ്. അതിന് ചുക്കാൻ പിടിക്കുന്നത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI),ഓട്ടോമേഷൻ,റോബോട്ടിക്സ് എന്നിവയും.
AI,സ്വന്തം ജോലി തട്ടിയെടുക്കുമോ എന്നതാണ് മനുഷ്യന്റെ പ്രധാന പേടി. ആവർത്തന സ്വഭാവമുള്ള ജോലികൾ,ഉദാഹരണത്തിന് ഡാറ്റ എൻട്രി,കാഷ്യർ ജോലികൾ,കസ്റ്റമർ കെയർ സേവനങ്ങൾ എന്നിവ ഭാവിയിൽ ഓട്ടോമേഷന് വഴിമാറും.എ.ഐ ഒരിക്കലും മനുഷ്യന് പകരമാകില്ല.മറിച്ച് മനുഷ്യന്റെ കാര്യക്ഷമത വർദ്ധിപ്പിക്കാനുള്ള ഉപാധിയാണ്. കമ്പ്യൂട്ടർ വന്നപ്പോൾ തൊഴിൽ നഷ്ടപ്പെടുമെന്ന് ഭയന്നവർ ഏറെയാണ്. എന്നാൽ കമ്പ്യൂട്ടർ ഉപയോഗിക്കാൻ പഠിച്ചവർക്ക് ലോകം പുതിയൊരു തൊഴിൽ മേഖല തുറന്നുകാട്ടി. ഇതേപോലെ എ.ഐ സാങ്കേതികവിദ്യയെ നിയന്ത്രിക്കാനും വികസിപ്പിക്കാനും പ്രശ്നങ്ങൾ പരിഹരിക്കാനും അറിയുന്നവർക്കായിരിക്കും നാളത്തെ തൊഴിൽ വിപണിയിൽ ഡിമാൻഡ്. ഈ മാറ്റങ്ങൾ കേവലം ഐ.ടി കമ്പനികളിൽ മാത്രം ഒതുങ്ങുന്നതല്ല.
* ആരോഗ്യം: രോഗലക്ഷണങ്ങൾ നോക്കി നിമിഷങ്ങൾക്കുള്ളിൽ രോഗനിർണ്ണയം നടത്തുന്ന AI ഡോക്ടർമാരും സൂക്ഷ്മശസ്ത്രക്രിയകൾ ചെയ്യുന്ന റോബോട്ടുകളും ആശുപത്രികളിൽ സജീവമാകും
* ഗതാഗതം: ഡ്രൈവറില്ലാത്ത കാറുകളും സാധനങ്ങൾ വീട്ടിലെത്തിക്കുന്ന ഡ്രോണുകളും അത്ഭുതമല്ലാതാകും
* കൃഷി: മണ്ണിന്റെ ഗുണനിലവാരം പരിശോധിച്ചുള്ള 'സ്മാർട്ട് ഫാമിംഗ്' കൃഷിരീതികൾ വരും
പുതുതലമുറ പഠിക്കണം
* ഡാറ്റ സയൻസ് & അനലിറ്റിക്സ്: വിവരങ്ങളാണ് (Data) പുതിയ കാലത്തെ ഇന്ധനം. ഏത് മേഖലയിലും മികച്ചു നിൽക്കാൻ സഹായിക്കും
* ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & മെഷീൻ ലേണിംഗ്: കമ്പ്യൂട്ടറുകളെ സ്വയം പഠിക്കാൻ പരിശീലിപ്പിക്കുന്ന സാങ്കേതികവിദ്യയാണിത്. പൈത്തൺ (Python) പോലുള്ള പ്രോഗ്രാമിംഗ് ഭാഷകളിലെ പ്രാവീണ്യമിതിന് അത്യാവശ്യമാണ്.
* റോബോട്ടിക്സ് & ഓട്ടോമേഷൻ: യന്ത്രങ്ങളുടെ നിർമ്മാണവും പ്രവർത്തനവും പഠിക്കുന്നത് തൊഴിലവസരങ്ങൾ സൃഷ്ടിക്കും
* എത്തിക്കൽ ഹാക്കിംഗ് & സൈബർ സെക്യൂരിറ്റി: ഡിജിറ്റൽ ലോകം വലുതാകുമ്പോൾ വിവരങ്ങളുടെ സുരക്ഷയും പ്രധാനമാണ്
സോഫ്റ്റ് സ്കിൽ ഡെവലപ്മെന്റ്
വിദ്യാർത്ഥികൾ ഓർക്കേണ്ട ഒരു കാര്യമുണ്ട്. യന്ത്രങ്ങൾക്ക് വികാരങ്ങളില്ല. അതുകൊണ്ട് തന്നെ 'സോഫ്റ്റ് സ്കിൽസ്' (Soft Skills) വികസിപ്പിക്കുക എന്നത് നിർണായകമാണ്.
* ക്രിയേറ്റിവിറ്റി (Creativity): പുതിയ ആശയങ്ങൾ കണ്ടെത്താനുള്ള കഴിവ്
* ഇമോഷണൽ ഇന്റലിജൻസ് (Emotional Intelligence): മറ്റുള്ളവരുടെ വികാരങ്ങൾ മനസിലാക്കി പെരുമാറുക
* വിമർശനാത്മക ചിന്ത (Critical Thinking): ലഭിക്കുന്ന വിവരങ്ങൾ അതേപടി വിശ്വസിക്കാതെ,ആധികാരികത പരിശോധിക്കാനുള്ള കഴിവ്
കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും പ്രാഥമിക കടമ