തങ്കഅങ്കി ഘോഷയാത്ര: വീഥികൾ ശരണമന്ത്ര മുഖരിതം

Wednesday 24 December 2025 12:32 AM IST

കോഴഞ്ചേരി: ശബരിമല മണ്ഡലപൂജയ്ക്ക് അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തങ്കഅങ്കി രഥഘോഷയാത്രയ്ക്ക് തുടക്കമായി. വീഥികളിൽ ശരണമന്ത്രങ്ങളോടെ ഭക്തർ ഘോഷയാത്രയെ വരവേറ്റു. ദേവസ്വം ബോർഡിന്റെ ആറൻമുളയിലെ സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരുന്ന തങ്കഅങ്കി ഇന്നലെ പുല‌ർച്ചെ പുറത്തെടുത്തു. രാവിലെ 5ന് ആറൻമുള പാർത്ഥസാരഥി ക്ഷേത്രത്തിലെ ആനക്കൊട്ടിലിൽ ദർശനത്തിന് വച്ചു. 7ന് ഘോഷയാത്ര പുറപ്പെട്ടു. ദേവസ്വം ബോർഡംഗങ്ങളായ കെ.രാജു,അഡ്വ.സന്തോഷ്‌കുമാർ,ജില്ലാ പഞ്ചായത്തംഗം അനീഷ് വരിക്കണ്ണാമല, മുൻ എം.എൽ.എ മാലേത്ത് സരളാദേവി,ദേവസ്വം കൾച്ചറൽ ഡയറക്ടർ ദിലീപ്കുമാർ,തങ്കയങ്കി സ്‌പെഷ്യൽ ഓഫീസർ സുനിൽകുമാർ,ദേവസ്വം അസിസ്റ്റന്റ് കമ്മിഷണർ ശ്രീലേഖ,അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ആർ.രേവതി, സബ് ഗ്രൂപ്പ് ഓഫീസർ ജി.അരുൺകുമാർ,സുരക്ഷാചുമതലയുളള അടൂർ ഡിവൈ.എസ്.പി ജി.സന്തോഷ്‌കുമാർ തുടങ്ങിയവർ സന്നിഹിതരായി.സ്വീകരണങ്ങൾ ഏറ്റുവാങ്ങി 26ന് ഉച്ചയ്ക്ക് പമ്പയിലെത്തും. പ്രത്യേക പേടകങ്ങളിലാക്കുന്ന തങ്കഅങ്കി ഗുരുസ്വാമിമാർ തലയിലേന്തി സന്നിധാനത്തെത്തിക്കും. 27ന് രാവിലെ 10.10നും 11.30നും മദ്ധ്യേയാണ് മണ്ഡലപൂജ.