ഗവർണർ എത്തി, സാങ്കേതിക സർവകലാശാല ബഡ്ജറ്റ് പാസാക്കി
തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയുടെ ബഡ്ജറ്റ് 9 മാസത്തിനു ശേഷം ഇന്നലെ ബോർഡ് ഒഫ് ഗവേണേഴ്സ് യോഗത്തിൽ പാസാക്കി. 373.52 കോടി രൂപയുടെ ബഡ്ജറ്റ് അംഗീകരിച്ചു. വിവിധ ബിരുദങ്ങൾ നൽകാനും തീരുമാനിച്ചു.
മാർച്ചിൽ പാസാക്കേണ്ടിയിരുന്നതാണ്. ഗവർണർ മുഖ്യമന്ത്രിയുമായി സമവായത്തിലായ ശേഷമുള്ള സാങ്കേതിക സർവകലാശാലയുടെ ബോർഡ് ഒഫ് ഗവർനേഴ്സ് യോഗത്തിൽ പങ്കെടുക്കാൻ ഇന്നലെ രാവിലെ 10ന് ഗവർണർ ആർ.വി ആർലേക്കർ സർവകലാശാലയിലെത്തി. വി.സി ഡോ.സിസാതോമസും ഐ.ബി സതീഷ് എം.എൽ.എയും ചേർന്ന് ഗവർണറെ സ്വീകരിച്ച് ബോർഡ് ചേംബറിലേക്കാനയിച്ചു.
കഴിഞ്ഞ യോഗത്തിന് ഗവർണർ എത്തിയപ്പോൾ എം.എൽ.എമാരും ഉന്നത സർക്കാരുദ്യോഗസ്ഥരും വിട്ടുനിന്നതിനാൽ ക്വാറം തികഞ്ഞിരുന്നില്ല. ബോർഡ് ഒഫ് ഗവർനേഴ്‌സ് അംഗമായ കോൺഗ്രസ് അംഗം എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എ ഓൺലൈനായും വി. ശശി നേരിട്ടും യോഗത്തിൽ പങ്കെടുത്തു. എം. എൽ. എ മാരായ സച്ചിൻ ദേവ്, ദലീമ, എന്നിവർ യോഗത്തിൽ നിന്ന് വിട്ടുനിന്നു. ഗവർണറാണ് ബോർഡ് യോഗത്തിൽ അദ്ധ്യക്ഷനായത്.