താങ്ങാനാകുന്ന വില, സാധാരണക്കാരന് പ്രിയം കൂടുന്നു; വാങ്ങുന്നത് ഉപയോഗിക്കാനല്ല മറ്റൊരു കാര്യത്തിന്
കൊച്ചി: വിലയില്‍ ചരിത്രം കുറിച്ച് സ്വര്‍ണവും വെള്ളിയും. ആഗോള വിപണിയില്‍ സ്വര്‍ണത്തിന് ഔണ്‍സിന് 4487 ഡോളര്‍ ആയപ്പോള്‍ വെള്ളിക്ക് 69 ഡോളര്‍ കടന്നു. രണ്ടും റെക്കാര്‍ഡ് വിലയാണ്. യു.എസ് ഫെഡറല്‍ പലിശനിരക്ക് കുറയ്ക്കുമെന്ന അഭ്യൂഹമാണ് സ്വര്‍ണത്തിനും വെള്ളിക്കും വില വര്‍ദ്ധിപ്പിച്ചത്. അതേസമയം, വില വര്‍ദ്ധനവിന്റെ കാര്യത്തില്‍ സ്വര്‍ണത്തെ കടത്തി വെട്ടിയിരിക്കുകയാണ് വെള്ളി. ഒരു വര്‍ഷത്തിനിടെ സ്വര്‍ണത്തിന് 67 ശതമാനമാണ് വില കൂടിയതെങ്കില്‍ വെള്ളിക്കത് 138 ശതമാനമാണ്.
നിക്ഷേപകരെ ആകര്‍ഷിക്കുന്നു
സ്വര്‍ണത്തിന്റെ കൂടിയ നിരക്ക് നിക്ഷേപകരെ വെള്ളിയിലേക്ക് അടുപ്പിക്കുന്നതും വെള്ളിയുടെ ഡിമാന്‍ഡ് വര്‍ദ്ധിപ്പിക്കുന്നുണ്ട്. നിക്ഷേപം എന്നതിന് പുറമെ വ്യവസായ മേഖലയില്‍ വെള്ളിക്കുള്ള പ്രാധാന്യമാണ് വില വര്‍ദ്ധനവിന് പിന്നിലെ മറ്റൊരു പ്രധാന ഘടകം. നല്ല രീതിയില്‍ വൈദ്യുതി കടത്തിവിടാനുള്ള കഴിവ് ഇലക്ട്രിക് വാഹനങ്ങളുടെയും സോളാര്‍ പാനലുകളുടെയും നിര്‍മ്മാണത്തില്‍ വെള്ളിയെ പ്രധാനപ്പെട്ടതാക്കുന്നു. അതുകൊണ്ട് തന്നെ വരുംകാലത്തില്‍ വെള്ളിയുടെ വ്യാവസായികാവശ്യം വര്‍ദ്ധിക്കാനാണ് സാദ്ധ്യത. അതേസമയം, ഉത്പാദനം കുറയുന്നതും വെള്ളിയുടെ ഡിമാന്‍ഡ് വര്‍ദ്ധിപ്പിക്കുന്നുണ്ട്.
18, 14 കാരറ്റ് സ്വര്‍ണത്തിന് ആവശ്യക്കാരേറുന്നു
ആഗോളവിപണിയിലും ആഭ്യന്തര വിപണിയിലും സ്വര്‍ണത്തിന്റെ വില കത്തിക്കയറുമ്പോള്‍ 18,14 കാരറ്റ് സ്വര്‍ണാഭരണങ്ങള്‍ക്ക്. സാധാരണക്കാര്‍ക്കിടയില്‍ പ്രിയമേറുകയാണ്. ഇതില്‍ 14 കാരറ്റ് ആഭരണങ്ങളാണ് സമ്മാനമായി നല്‍കാനും മറ്റും ആളുകള്‍ ആഭരണശാലകള്‍ തേടിച്ചെല്ലുന്നത്.