അണ്ടർ 19 ഏഷ്യാകപ്പിലും കലിപ്പ് തന്നെ !

Wednesday 24 December 2025 12:12 AM IST

ദുബായ് : സെപ്തംബറിൽ സീനിയർ പുരുഷ ഏഷ്യാകപ്പ് ഫൈനലിൽ ഇന്ത്യ പാകിസ്ഥാനെ തോൽപ്പിച്ചതിന് പിന്നാലെ അരങ്ങേറിയ നാടകീയസംഭവങ്ങളുടെ തുടർച്ച ഇക്കഴിഞ്ഞ ദിവസം ദുബായ്‌യിലെ അണ്ടർ 19 ഏഷ്യാകപ്പ് ഫൈനലിലും. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റായ പാക് മന്ത്രി മൊഹ്സിൻ നഖ്‌‌വിയിൽ നിന്ന് ഇന്ത്യൻ ക്യാപ്ടൻ സൂര്യകുമാർ യാദവ് കിരീടം ഏറ്റുവാങ്ങാൻ വിസമ്മതിച്ചതും താനേ നൽകൂവെന്ന് നഖ്‌വി വാശിപിടിച്ചതും ട്രോഫി മാറ്റിയതുമാണ് സീനിയർ ഏഷ്യാകപ്പിൽ പ്രശ്നമായതെങ്കിൽ ജൂനിയേഴ്സിന്റെ ഫൈനലിൽ ഇന്ത്യ- പാക് താരങ്ങൾ വാക്കേറ്റമുണ്ടാക്കി യതാണ് പ്രശ്നമായിരിക്കുന്നത്.

ഇന്ത്യയുടെ സൂപ്പർ താരം വൈഭവ് സൂര്യവംശിയേയുംമറ്റും പ്രകോപിപ്പിച്ച് പാക് താരങ്ങൾ വഴക്കുണ്ടാക്കിയിരുന്നു. പാകിസ്ഥാനെതിരായ രണ്ട് മത്സരങ്ങളിലും ഷേക് ഹാൻഡ് നൽകാനും ഇന്ത്യൻ ക്യാപ്ടൻ ആയുഷ് മാത്രേ തയ്യാറായില്ല. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഫൈനൽ ഉറപ്പായതോടെ സമ്മാനദാനത്തിനായി നഖ്‌വി പാകിസ്ഥാനിൽ നിന്ന് പറന്നെത്തിയിരുന്നു. എന്നാൽ ഇന്ത്യ തോറ്റതോടെ ഇന്ത്യയ്ക്ക് ട്രോഫി കൈമാറി സീനുണ്ടാക്കാൻ നഖ്‌വിക്ക് കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ ഇന്ത്യൻ താരങ്ങൾ പാക് താരങ്ങളോട് മോശമായി പെരുമാറിയെന്ന ് ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന് പരാതിനൽകിയിരിക്കുകയാണ് നഖ്‌വി.

സെമിവരെയുള്ള എല്ലാമത്സരങ്ങളും വൻ മാർജിനിൽ ജയിച്ചശേഷം ഫൈനലിൽ പാകിസ്ഥാനോട് തോറ്റ ഇന്ത്യൻ ടീമിന്റെ പ്രകടനത്തെപ്പറ്റി ബി.സി.സി.ഐ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം സീനിയർ ലോകകപ്പ് നേടിയാലുള്ളതിനേക്കാൾ വലിയ ആഹ്ളാദമാണ് പാകിസ്ഥാനിൽ.