വി​ശാഖപട്ടണത്ത് വീണ്ടും ജയവുമായി​ ഇന്ത്യ

Wednesday 24 December 2025 12:14 AM IST

വിശാഖപട്ടണം : ശ്രീലങ്കയ്ക്ക് എതിരെയുള്ള രണ്ടാം ട്വന്റി-20 മത്സരത്തിലും വി​ജയി​ച്ച ഇന്ത്യൻ വനി​തകൾ അഞ്ചുമത്സര പരമ്പരയി​ൽ 2-0ത്തിന് മുന്നിലെത്തി. ഇന്നലെ വിശാഖപട്ടണത്ത് ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ലങ്ക നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്‌ടത്തിൽ 128 റൺസ് നേടിയപ്പോൾ ഇന്ത്യ 11.5 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കാണുകയായിരുന്നു . തകർപ്പൻ അർദ്ധസെഞ്ച്വറിയുമായി പുറത്താകാതെനിന്ന ഷെഫാലി വെർമ്മയും (34 പന്തുകളിൽ 69 റൺസ്),ജമീമ റോഡ്രിഗസും (26) ചേർന്നാണ് ഇന്ത്യയ്ക്ക് വിജയമൊരുക്കിയത്.

ആദ്യ ഓവറിൽ തന്നെ വിഷ്മി ഗുണരത്നയെ (1) നഷ്‌ടമായ ലങ്കയെ ക്യാപ്ടൻ ചമരി അട്ടപ്പട്ടു (31), ഹസിനി പെരേര (22),ഹർഷിത സമരവക്രമ (33) എന്നിവരുടെ പോരാട്ടമാണ് 100 കടത്തിയത്.12.4 ഓവറിൽ 82/2 എന്ന നിലയിലായിരുന്ന ലങ്കയെ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ശ്രീചരണിയും വൈഷ്ണവി ശർമ്മയും ഓരോ വിക്കറ്റ് വീഴ്ത്തിയ ക്രാന്തി ഗൗഡും സ്നേഹ് റാണയും ചേർന്നാണ് 128ൽ ഒതുക്കിയത്.

ദീപ്തിക്ക് പനി

നേരിയ പനിബാധിച്ചതിനാൽ ആൾറൗണ്ടർ ദീപ്തി ശർമ്മ ഇന്നലെ ഇന്ത്യൻനിരയിൽ കളിക്കാനിറങ്ങിയില്ല. സ്നേഹ് റാണയാണ് പകരം കളിച്ചത്.