വിഴിഞ്ഞം തുറമുഖത്തിനടുത്ത് അപൂർവമായൊരു കണ്ടെത്തൽ,​ വഴികാട്ടിയത് മത്സ്യതൊഴിലാളികൾ

Wednesday 24 December 2025 12:20 AM IST

വിഴിഞ്ഞം: കടലിൽ വർണ മത്സ്യങ്ങളുടെ ആവാസ വ്യവസ്ഥ കണ്ടെത്തി.അടിമലത്തുറയ്ക്കും പൂവാറിനും മദ്ധ്യേ കൊച്ചുതുറയ്ക്ക് സമീപത്തെ കടലിനടിയിലാണ് പുതിയ സ്വാഭാവിക പരിസ്ഥിതി സമ്പന്ന മേഖല കണ്ടെത്തിയത്.

തീരത്തോട് ചേർന്ന് 15 മീറ്റർ ആഴമുള്ള കടലിലാണ് വംശനാശ ഭീഷണി നേരിടുന്നവയുൾപ്പെട്ട അമൂല്യ ജീവജാലങ്ങളുടെ മുപ്പതിലേറെയിനം വർണ മത്സ്യങ്ങളുടെ ആവാസ വ്യവസ്ഥ കണ്ടെത്തിയത്.

പന്താക്കല്ല് എന്ന് വിളിപ്പേരുള്ള ഇവിടം തദ്ദേശവാസികളായ കടൽപ്പണിക്കാരുടെ പ്രധാന ഉപജീവന മേഖലയാണ്.ഈ ഭാഗത്തെ കടലിനടിയിൽ ഫ്രണ്ട്സ് ഒഫ് മറൈയ്നും സ്‌കൂബാ കൊച്ചിനും ചേർന്ന് നടത്തിയ ഗവേഷണത്തിലാണ് ഇത്രയും വൈവിദ്ധ്യങ്ങളുള്ള മത്സ്യകൂട്ടങ്ങളെ കണ്ടെത്തിയത്.

പൂവാർ സ്വദേശികളായ സിലുവകുരിശ്, ഡാവിത്സൻ എന്നീ മത്സ്യത്തൊഴിലാളികൾ പഠന സംഘത്തിന് വഴികാട്ടികളായുണ്ടായിരുന്നു. ഈ പരിസ്ഥിതി മേഖല സംരക്ഷിക്കാൻ വന്യജീവി സംരക്ഷണത്തിന് ഉത്തരവാദിത്വപ്പെട്ട കേരള ഫോറസ്റ്റ് ഡിപ്പാർട്‌മെന്റ്,കേരള ബയോ ഡൈവേഴ്സിറ്റി ബോർഡ് മുതലായ സ്ഥാപനങ്ങൾ അടിയന്തിരമായി ഇടപെടണമെന്ന് ഫ്രണ്ട്സ് ഒഫ് മറൈയിൻ ആവശ്യപ്പെട്ടു.

സമുദ്ര ജൈവ വൈവിദ്ധ്യത്താൽ അതി സമ്പന്നമായ മേഖല എന്നതാണ് പന്താകല്ലിന്റെ പ്രത്യേകത.

റോബർട്ട് പനിപ്പിള്ള,ഫ്രണ്ട്സ് ഒഫ്

മറൈയ്ൻ കോഓർഡിനേറ്റർ

അമൂല്യ ജീവജാലങ്ങൾ

പ്രത്യേകിച്ചും പാര് (അണ്ടർ വാട്ടർ റോക്കി ഹാബിറ്റാറ്റ്) മത്സ്യങ്ങളുടെ വമ്പൻ ശേഖരമുള്ളയിടത്ത് വംശനാശ ഭീഷണി നേരിടുന്ന ആമ,കോറൽ ശലഭ തിരണ്ടി എന്നിവയും സീ സ്‌പോഞ്ചുകൾ,അസീഡിയനുകൾ,ബ്രയോസോവനുകൾ, ഹൈഡ്രോസോവനുകൾ,മൊളസ്‌കുകൾ,ഫെദർ സ്റ്റാറുകൾ,ട്യൂബ് വേമുകൾ മുതലായ ഇനങ്ങളിൽപ്പെട്ട അനേകം അമൂല്യ ജീവജാലങ്ങളെ കണ്ടെത്താനായി.