അമിതാത്മവിശ്വാസം തിരിച്ചടിയായി, സി.പി.എം ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനം
കൊല്ലം: കൊല്ലം കോർപ്പറേഷനിൽ അമിതാത്മവിശ്വാസം തിരിച്ചടിയായെന്ന് തദ്ദേശ തിരഞ്ഞെടുപ്പ് അവലോകനത്തിനായി ചേർന്ന സി.പി.എം ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനം. ആര് നിന്നാലും ജയിക്കുമെന്ന തെറ്റിദ്ധാരണ നേതാക്കൾക്കുള്ളിൽ പോലും ഉണ്ടായെന്നും പല ഡിവിഷനുകളിലെയും സ്ഥാനാർത്ഥി നിർണയത്തിൽ ഗുരുതരമായ വീഴ്ചയുണ്ടായെന്നും വിമർശനം ഉയർന്നു.
സംസ്ഥാന സർക്കാരിന്റെ നവകേരള പ്രഖ്യാപനം വോട്ടായി മാറുമെന്ന തെറ്റിദ്ധാരണ ഉണ്ടായി. എന്നാൽ ഈ പ്രഖ്യാപനങ്ങൾ വേണ്ടവിധം ജനങ്ങളിലെത്തിക്കാനുമായില്ല. പല ഡിവിഷനുകളിലും പ്രചാരണ പ്രവർത്തനങ്ങളിലും വീഴ്ചയുണ്ടായി. സ്ക്വാഡ് പ്രവർത്തനം വേണ്ടവിധം നടന്നില്ല. നേതാക്കൾ കൂട്ടത്തോടെ കോർപ്പറേഷനിൽ മത്സരിക്കാനിറങ്ങിയതും കൂട്ട പരാജയമുണ്ടായതും വലിയ നാണക്കേടായി. കോർപ്പറേഷനെതിരെ ഉയർന്ന ആരോപണങ്ങളെ സംഘടിതമായി പ്രതിരോധിക്കാനായില്ല. ബി.ജെ.പിയും കോൺഗ്രസും പരസ്പരം വോട്ട് മറിച്ചതാണ് വലിയൊരു വിഭാഗം ഡിവിഷനുകളിലെയും പരാജയത്തിന്റെ പ്രധാനകാരണം. അത് മുൻകൂട്ടി തിരിച്ചറിയാനായില്ല. ബി.ജെ.പിയും യു.ഡി.എഫും മുൻകൂട്ടി കളത്തിലിറങ്ങി. എൽ.ഡി.എഫിന്റെ സ്ഥാനാർത്ഥി നിർണയം വൈകിയതും പ്രചാരണത്തെ ബാധിച്ചു. ജില്ലയിൽ പലയിടങ്ങളിലും സംഘടനാ ദൗർബല്യമുണ്ടെന്ന വിമർശനവുമുയർന്നു.
എസ്.ആർ.അരുൺബാബു ജില്ലാ പഞ്ചായത്ത്
വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി
ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറർ എസ്.ആർ.അരുൺബാബുവിനെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയാക്കാനും ജില്ലാ സെക്രട്ടറിയേറ്റിൽ ധാരണയായി. തിരഞ്ഞെടുപ്പ് അവലോകനത്തിനായി ഇന്ന് ചേരുന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും. നെടുവത്തൂരിൽ നിന്നാണ് അരുൺബാബു ജില്ലാ പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്.