കാമരാജ് കോൺഗ്രസിനെ ഉൾപ്പെടുത്തില്ല: സതീശൻ
തിരുവനന്തപുരം: കാമരാജ് കോൺഗ്രസിന് മുന്നിൽ യു.ഡി.എഫ് വാതിൽ അടച്ചെന്നും ഒരു കാരണവശാലും ഇനി തുറക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ . വിഷ്ണുപുരം ചന്ദ്രശേഖരൻ നിരന്തരം തങ്ങളോട് സംസാരിച്ചിരുന്നു. ഇപ്പോൾ അത് അടഞ്ഞ അദ്ധ്യായമാണ്. ഇക്കാര്യത്തിൽ വ്യക്തിപരമായി ഒരു പരാമർശത്തിനില്ല. സീറ്റ് വിഭജനം സംബന്ധിച്ച് യു.ഡി.എഫിൽ ഒരു ചർച്ചയും നടന്നിട്ടില്ല. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും സ്പീക്കറുമൊക്കെ വിളിക്കുന്ന പരിപാടികളിൽ മര്യാദയുടെ അടിസ്ഥാനത്തിൽ എല്ലാവരും പങ്കെടുക്കും. ആർ.എസ്.എസുകാരനായ ഗവർണർ വിളിക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കുന്നില്ലേ? ഗവർണർ വിളിച്ചാൽ മുഖ്യമന്ത്രി പോകില്ലേ? സി.പി.എമ്മിനും ബി.ജെ.പിക്കും ഇടയിൽ പാമ്പൻ പാലം പോലെ നിൽക്കുന്നയാളാണ് ബ്രിട്ടാസ്. ഒരു വിരൽ ഇങ്ങോട്ട് ചൂണ്ടുമ്പോൾ നാല് വിരൽ സ്വന്തം നെഞ്ചിലേക്കാണ് ചൂണ്ടുന്നതെന്നോർക്കണം.