അദ്വൈതദർശനം സമൂഹത്തിന് ഗുണപ്പെടുത്തിയത് ഗുരുദേവൻ: ജസ്റ്റിസ് എൻ.നഗരേഷ്

Wednesday 24 December 2025 1:44 AM IST

കൊച്ചി: അദ്വൈത ദർശനത്തെ സമൂഹത്തിന് ഉപകാരപ്പെടും രീതിയിൽ പ്രായോഗികമായി അവതരിപ്പിക്കാൻ ശ്രീനാരായണ ഗുരുദേവന്കഴിഞ്ഞതായി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എൻ.നഗരേഷ് പറഞ്ഞു. പാലാരിവട്ടം രാജരാജേശ്വരി ക്ഷേത്രത്തിൽ ഗുരുദേവ സത്സംഗം കൊച്ചി സംഘടിപ്പിച്ച ശ്രീനാരായണ ധർമ്മ പഠനശിബിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളം ഭ്രാന്താലയമാണെന്ന് സ്വാമി വിവേകാനന്ദൻ പറഞ്ഞപ്പോൾ ഗുരു അറിവിന്റെ മൂർത്തീഭാവമായ ശാരദാ ദേവി പ്രതിഷ്ഠയും തത്വമസിയുടെ മൂർത്തീഭാവമായ കണ്ണാടി പ്രതിഷ്ഠയും നിർവഹിച്ച് വിപ്ളവകരമായ മാറ്റങ്ങൾക്കാണ് തുടക്കമിട്ടത്. വൈക്കത്തെ ക്ഷേത്രപ്രവേശന സത്യാഗ്രഹം അവർണരും സവർണരും തമ്മിലുള്ള സമരമല്ല, പുരോഗമനവാദികളും യാഥാസ്ഥിതികരും തമ്മിലുള്ള സമരമായിരുന്നു. സമരത്തിൽ മന്നത്തുപത്മനാഭനെപ്പോലുള്ള ആചാര്യന്മാരുടെ സാന്നിദ്ധ്യം അതിന്റെ തെളിവാണ്. കേരളത്തിലെ ഉച്ചനീചത്വങ്ങളുടെ മതിലുകൾ തകർത്തതിന്റെ അംഗീകാരം ഗുരുവിന് അവകാശപ്പെട്ടതാണ്. മറ്റു സന്യാസിമാരിൽ നിന്ന് ഗുരുദേവനെ വ്യത്യസ്തമാക്കുന്നത് ഈ നിലപാടുകളാണെന്നും ജസ്റ്റിസ് നഗരേഷ് പറഞ്ഞു.

അദ്ധ്യാത്മിക ജീവിതത്തിൽ ശ്രേഷ്ഠനായ ഗുരുവിനെ് മാത്രമേ സമൂഹത്തിൽ പരിവർത്തനം സൃഷ്ടിക്കുവാൻ സാധിക്കൂവെന്ന് മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി പറഞ്ഞു. ചടങ്ങിൽ സത്സംഗം പ്രസി​ഡന്റ് ടി​.എം. വി​ജയകുമാർ അദ്ധ്യക്ഷത വഹിച്ചു.

അമൃത ആർട്സ് ആൻഡ് സയൻസ് കോളേജ് ഡയറക്ടർ ഡോ. യു. കൃഷ്ണകുമാർ,​ ചേന്ദമംഗലം എം.വി. പ്രതാപൻ, ബി​.ഇ.എം.എൽ ഡയറക്ടർ ഡോ. എം.വി​. നടേശൻ, പ്രേംജി​ കൈലാസി,​ സത്സംഗം സെക്രട്ടറി​ ടി​.എൻ. പ്രതാപൻ,​ കമ്മിറ്റിയംഗം കെ.പി.ജോഷി എന്നിവർ സംസാരിച്ചു.