'പതിനെട്ടാം പടിയുടെ ഭാഗങ്ങൾ പോലും കൊള്ളയടിക്കപ്പെട്ടു, ശബരിമലയിലെ നാല് പഞ്ചലോഹ വിഗ്രഹങ്ങളും കടത്തി വിറ്റു'
തിരുവനന്തപുരം: ശബരിമലയിലെ കൊള്ള നാലര കിലോ സ്വർണ്ണത്തിൽ മാത്രമൊതുങ്ങുന്നതല്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇടത് മുന്നണിയുടെ ദേവസ്വം ബോർഡ് ശബരിമലയിലെ നാല് പഞ്ചലോഹ വിഗ്രഹങ്ങൾ കൂടി കടത്തിക്കൊണ്ട് പോയി അന്താരാഷ്ട്ര ക്രിമിനൽ സംഘങ്ങൾക്ക് വിറ്റെന്നാണ് അന്വേഷണങ്ങളിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം കുറിച്ചു.
പോസ്റ്റിന്റെ പൂർണരൂപം
ഒരു അയ്യപ്പ ഭക്തനെന്ന നിലയിൽ, മുൻപുണ്ടായിരുന്ന വേദന പതിന്മടങ്ങ് വർദ്ധിച്ചിരിക്കുകയാണ് ഇപ്പോൾ.
നേരത്തെ അറിഞ്ഞതിനേക്കാൾ കൂടുതൽ ആശങ്കയുളവാക്കുന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്.
ശബരിമലയിലെ കൊള്ള നാലര കിലോ സ്വർണ്ണത്തിൽ മാത്രമൊതുങ്ങുന്നതല്ല. ഇടത് മുന്നണിയുടെ ദേവസ്വം ബോർഡ് ശബരിമലയിലെ നാല് പഞ്ചലോഹ വിഗ്രഹങ്ങൾ കൂടി കടത്തിക്കൊണ്ട് പോയി അന്താരാഷ്ട്ര ക്രിമിനൽ സംഘങ്ങൾക്ക് വിറ്റെന്നാണ് അന്വേഷണങ്ങളിലൂടെ വ്യക്തമാകുന്നത്.
ഏറ്റവും ഞെട്ടിപ്പിക്കുന്നത് മറ്റൊന്നാണ് - 2015-ലെ യു.ഡി.എഫ് ഭരണകാലത്ത് പുതുക്കിപ്പണിത പുണ്യമായ പതിനെട്ടാം പടിയുടെ ഭാഗങ്ങൾ പോലും കൊള്ളയടിക്കപ്പെട്ടിരിക്കുന്നു. അത് കൊണ്ട് തന്നെ ഉണ്ണികൃഷ്ണൻ പോറ്റിയെയോ വാസുവിനെയോ അറസ്റ്റ് ചെയ്തത് കൊണ്ട് മാത്രം നീതി നടപ്പാവില്ല. കോൺഗ്രസ് - യുഡിഎഫ് കാലത്ത് തുടക്കമിട്ട്, സിപിഎം - എൽഡിഎഫ് ഭരണത്തിൽ നടപ്പിൽ വരുത്തുകയും ചെയ്ത വലിയൊരു ഗൂഢാലോചന തന്നെ ഇതിന് പിന്നിൽ നടന്നിട്ടുണ്ട്.
ഇത് വെറും കൊള്ള മാത്രമല്ല. ഇത് ഈശ്വരനിന്ദയാണ്. സ്വാമി അയ്യപ്പനോടും എന്നെപ്പോലെ ലോകമെമ്പാടുമുള്ള കോടിക്കണക്കിന് അയ്യപ്പ ഭക്തരോടുമുള്ള വഞ്ചനയാണ്. ഒരു എസ് ഐ ടി അന്വേഷണം കൊണ്ട് മാത്രം എല്ലാ സത്യവും പുറത്ത് വരില്ല. അതിന് സിബിഐ അന്വേഷണം തന്നെ അനിവാര്യമാണ്. ഒരു കാര്യം മറക്കരുത് - ഈ നാണംകെട്ട അഴിമതിയെ ഒരു 'പിഴവ്' മാത്രമായി ചിത്രീകരിച്ച് മറച്ചുവയ്ക്കാനായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യം ശ്രമിച്ചത്. അയ്യപ്പഭക്തർക്ക് ഞങ്ങൾ നീതി ഉറപ്പാക്കും.
സ്വാമിയേ ശരണം അയ്യപ്പ.