പി കെ ശ്രീമതിയുടെ ബാഗ് മോഷണംപോയി; ഉള്ളിലുണ്ടായിരുന്നത് സ്വർണവും പണവും
പട്‌ന: ട്രെയിൻ യാത്രയ്‌ക്കിടെ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതിയുടെ ഫോണും ഹാൻഡ്‌ബാഗും മോഷണം പോയി. കൊൽക്കത്തയിൽ നിന്ന് ബീഹാറിലെ സമസ്‌തിപൂരിലേക്ക് പോകും വഴിയാണ് മോഷണം നടന്നത്. 40,000 രൂപ, മൊബൈൽ ഫോൺ, സ്വർണത്തിന്റെ ചെറിയ കമ്മലുകൾ, തിരിച്ചറിയൽ രേഖകൾ എന്നിവയാണ് ബാഗിലുണ്ടായിരുന്നത്. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് പി കെ ശ്രീമതി പറഞ്ഞു. സഹയാത്രികരുടെ ബാഗും നഷ്‌ടമായിട്ടുണ്ട്.
സമസ്‌തിപൂരിന് സമീപമുള്ള ദർസിംഗ് സരായിലേക്ക് സമ്മേളനത്തിന് പോകുംവഴിയായിരുന്നു സംഭവം. ഇന്നലെ രാത്രി എട്ട് മണിക്കാണ് ശ്രീമതി ട്രെയിനിൽ കയറിയത്. എസി കോച്ചിൽ ലോവർ ബർത്തിൽ കിടക്കുകയായിരുന്നു. തലയ്‌ക്ക് തൊട്ടുമുകളിലാണ് ബാഗ് വച്ചിരുന്നത്. എത്ര മണിക്കാണ് മോഷണം പോയതെന്ന് കൃത്യമായി അറിയില്ലെന്നും പുലർച്ചെ നാല് മണിക്ക് ശേഷമാകാനാണ് സാദ്ധ്യതയെന്നും ശ്രീമതി പറഞ്ഞു. ലക്കിസരായി സ്റ്റേഷന് മുമ്പാണ് മോഷണം പോയെന്ന വിവരം അറിയുന്നത്. ഡിജിപിയെ വിളിച്ച് വിവരം അറിയിച്ചു. ആർപിഎഫിന്റെ ഓഫീസിലും പൊലീസ് സ്റ്റേഷനിലും പരാതി നൽകിയതായി പി കെ ശ്രീമതി പറഞ്ഞു.