ശബരിമല സ്വർണക്കൊള്ള; ഡി മണി എന്നൊരാൾ ഉണ്ടെന്ന്  സ്ഥിരീകരിച്ച് എസ്ഐടി

Wednesday 24 December 2025 11:31 AM IST

തിരുവനന്തപുരം: ശബരിമലയിലെ വിഗ്രഹങ്ങൾ വാങ്ങിയതായി വിദേശ വ്യവസായി പറഞ്ഞ ഡി മണി എന്നയാൾ ഉണ്ടെന്ന് സ്ഥിരീകരിച്ച് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). വ്യവസായിയുടെ മൊഴിയിൽ പറയുന്ന ചെന്നെെ സ്വദേശിയായ ഡി മണിയുടെ സംഘത്തിലുള്ളവരെ എസ്ഐടി ഫോണിൽ ബന്ധപ്പെട്ടു. കൂടാതെ മൊഴിയെടുക്കാൻ എസ്ഐടി സംഘം ചെന്നെെയിലേക്ക് പോയിട്ടുണ്ട്.

ശബരിമലയിലെ നാല് പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തിയെന്നും ഡി മണി എന്നറിയപ്പെടുന്ന ഒരാൾ വാങ്ങിയെന്നുമാണ് വ്യവസായിയുടെ മൊഴി. കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയാണ് വ്യവസായിക്ക് ചില വിവരങ്ങൾ അറിയാമെന്ന് എസ്ഐടിയെ അറിയിച്ചത്.

അതേസമയം, ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗങ്ങളായ കെപി ശങ്കർദാസും എൻ വിജയകുമാറും മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. ഇരുവരും കൊല്ലം വിജിലൻസ് കോടതിയിലാണ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. എ പത്മകുമാർ പ്രസിഡന്റായിരുന്ന ബോർഡിലാണ് ഇരുവരും അംഗങ്ങളായിരുന്നത്.

എന്നാൽ ശങ്കർദാസിലേക്കും വിജയകുമാറിലേക്കും അന്വേഷണം എത്താത്തതിൽ എസ്ഐടിയെ ഹെെക്കോടതി വിമർശിച്ചിരുന്നു. ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളികൾ അഴിച്ചെടുത്ത് ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് കൊടുത്തുവിട്ടത് ദേവസ്വം ബോർഡിന്റെ കൂട്ടായ തീരുമാനമായിരുന്നു. ഉത്തരവാദിത്വത്തിൽനിന്ന് ആരെയും മാറ്റി നിറുത്തേണ്ടതില്ല. പഴുതടച്ച അന്വേഷണം വേണമെന്നും കോടതി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ അറസ്റ്റിന് സാദ്ധ്യത ഉണ്ടെന്ന് കരുതിയാണ് ഇരുവരും മുൻകൂർ ജാമ്യം തേടിയത്.