പുത്തൻവേലിക്കരയിൽ കുടിവെള്ളമില്ലാത്ത ക്രിസ്മസ്
നാട്ടുകാർ നിരാഹാരമിരിക്കും
പറവൂർ: പുത്തൻവേലിക്കര പഞ്ചായത്തിലെ രൂക്ഷമായ ജലക്ഷാമം പരിഹരിക്കാത്തതിനെതിരെ ക്രിസ്‌മസ് ദിനമായ ഇന്ന് നാട്ടുകാർ നിരാഹാര സമരം നടത്തും. കുടിവെള്ള ജനജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ ഇളന്തിക്കര ബണ്ടിന് സമീപത്താണ് സമരപ്പന്തൽ. ഒന്നര മാസത്തിലധികമായി കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അലംഭാവം കാട്ടുന്നതായി നാട്ടുകാർ പറഞ്ഞു. പെരിയാറിൽ നിന്ന് ചാലക്കുടിയാറിലേക്ക് വേനലിൽ ഉപ്പുവെള്ളം കയറുമെന്നറിഞ്ഞിട്ടും മണൽബണ്ട് നിർമ്മാണത്തിനുള്ള നടപടികൾ വൈകിപ്പിച്ചു. ബണ്ട് നിർമ്മാണം പൂർത്തിയായാലും പുഴവെള്ളത്തിലെ ഉപ്പ് മാറിയാലെ നിറുത്തിവച്ചിരിക്കുന്ന പമ്പിംഗ് പുനരാരംഭിക്കാനാകൂ. ടാങ്കറിൽ നടത്തുന്ന ജലവിതരണം കാര്യക്ഷമവുമല്ല. പ്രശ്‌നപരിഹാരത്തിന് ദുരന്തനിവാരണ നിയമപ്രകാരം നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ശുദ്ധജലം കിട്ടാത്തതിനാൽ നാട്ടുകാർ വലിയ ദുരിതത്തിലാണ്.
ജലവിതരണം കാര്യക്ഷമമാക്കണം
കണക്കൻകടവ് റഗുലേറ്റർ കം ബ്രിഡ്ജിന്റെ ഷട്ടറുകളുടെ ചോർച്ചയാണ് ചാലക്കുടിയാറിലേക്ക് ഉപ്പുവെള്ളം കയറാൻ പ്രധാനകാരണം. കോഴിത്തുരുത്ത് സൂയിസ് അടയ്ക്കുന്ന പണി തുടങ്ങിയിട്ടില്ല. മണൽബണ്ട് നിർമ്മിക്കുന്നതിനൊപ്പം സൂയിസ് അടച്ചാലെ ഉപ്പുവെള്ളം കയറുന്നത് പൂർണമായി തടയാനാകു. മുൻകൂട്ടിയറിയാവുന്ന പ്രശ്നത്തിൽ ദുരന്തനിവാരണ അതോറിട്ടിക്കും ഇറിഗേഷൻ വകുപ്പിനും ജനപ്രതിനിധികൾക്കും കഴിയുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. എത്രയും വേഗം ബണ്ട് നിർമ്മാണം പൂർത്തിയാക്കുകയും കോഴിത്തുരുത്ത് സൂയിസ് അടയ്ക്കുകയും പമ്പിംഗ് പുനരാരംഭിക്കുന്നതും വരെ ടാങ്കറിലൂടെയുള്ള ജലവിതരണം കാര്യക്ഷമമാക്കുകയും വേണമെന്നാണ് ജനങ്ങളുടെ ആവശ്യം.
കാർഷിക വിളകളും ഭീഷണിയിൽ
കാർഷിക ഗ്രാമമായ പുത്തൻവേലിക്കരയിലെ കൃഷിയും നശിക്കുകയാണ്. പാണ്ടിപ്പാടത്തെ 10 ഏക്കർ നെൽക്കൃഷി ഉപ്പുവെള്ളം കയറി നാശത്തിന്റെ വക്കിലാണ്. സമീപത്തെ തോട്ടിൽ നിന്നാണ് പാടത്തേക്ക് വെള്ളം കയറ്റിയിരുന്നത്. തോട്ടിൽ ഉപ്പുവെള്ളമായതിനാൽ ജലസേചനം നടക്കുന്നില്ല. പഞ്ചായത്തിന്റെ പലഭാഗത്തായി നടക്കുന്ന നെൽക്കൃഷി, വാഴ, പച്ചക്കറി ഉൾപ്പെടെയുള്ള കാർഷിക വിളകളും ഭീഷണി നേരിടുകയാണ്.