'ഇതേ ആരോപണമുള്ള ദിലീപിനെ വെറുതെ വിട്ടു, അതേ  ആനുകൂല്യം  വേണം'; ശിക്ഷ റദ്ദാക്കാൻ ഹർജി  നൽകി മാർട്ടിൻ

Wednesday 24 December 2025 3:30 PM IST

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണക്കോടതി ശിക്ഷ വിധിച്ച രണ്ടാം പ്രതി മാർട്ടിൻ ഹെെക്കോടതിയിൽ ഹർജി നൽകി. കേസിലെ ശിക്ഷ റദ്ദുചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രതി ഹെെക്കോടതിയെ സമീപിച്ചത്. നടി ആക്രമിക്കപ്പെട്ട വാഹനത്തിൽ താൻ ഉണ്ടായിരുന്നില്ലെന്നും ഗൂഢാലോചനയിൽ പങ്കാളിയായെന്ന് മാത്രമാണ് തനിക്കെതിരായ കുറ്റമെന്നും മാർട്ടിൻ ഹർജിയിൽ പറയുന്നു. സമാന ആരോപണം ഉണ്ടായ എട്ടാം പ്രതി ദിലീപിനെ വെറുതെ വിട്ടു. അതേ ആനുകൂല്യം തനിക്കും ലഭിക്കണമെന്നാണ് മാർട്ടിൻ ഹർജിയിൽ ആവശ്യപ്പെടുന്നത്.

യുവനടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾക്ക് കോടതി ശിക്ഷ വിധിച്ചിരുന്നു. കേസിലെ പ്രതികളായ ചാർലി, ദിലീപ്, സുഹൃത്ത് ശരത്ത് എന്നിവരെ വെറുതേവിട്ടു. ദിലീപിനെതിരെ ഗൂഢാലോചനയ്‌ക്കും തെളിവ് നശിപ്പിക്കലിനും തെളിവില്ലെന്നാണ് കോടതി പറഞ്ഞത്.

ദിലീപുൾപ്പെടെ കേസിൽ പത്ത് പ്രതികളാണ് ഉണ്ടായിരുന്നത്. പൾസർ സുനി ഒന്നാംപ്രതി. മാർട്ടിൻ ആന്റണി, ബി മണികണ്ഠൻ, വി പി വിജീഷ്, എച്ച് സലിം (വടിവാൾ സലിം), പ്രദീപ്, ചാർളി തോമസ് എന്നിവരാണ് രണ്ടു മുതൽ ഏഴു വരെയുള്ള പ്രതികൾ. നടൻ ദിലീപ് എട്ടാം പ്രതിയും സനിൽകുമാർ (മേസ്തിരി സനിൽ) ഒമ്പതാം പ്രതിയുമായിരുന്നു.

ബലാത്സംഗം, ഗൂഢാലോചന, മാനഭംഗം, സ്ത്രീത്വത്തെ അപമാനിക്കൽ, ബലപ്രയോഗം, അന്യായ തടങ്കൽ, തെളിവുനശിപ്പിക്കൽ, അശ്ലീല ചിത്രമെടുക്കൽ, പ്രചരിപ്പിക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്. തെളിവുനശിപ്പിക്കലിന് കൂട്ടുനിന്ന ദിലീപിന്റെ സുഹൃത്ത് ജി ശരത്ത് പത്താം പ്രതിയാണ്. 2017 ഫെബ്രുവരി 17ന് അങ്കമാലിക്കും കളമശേരിക്കും ഇടയിലാണ് ഓടിക്കൊണ്ടിരിക്കുന്ന കാറിൽ നടി ആക്രമിക്കപ്പെട്ടത്.