മുനമ്പം ഭൂമിയിൽ വഖഫ് ബോർഡിന് പിഴച്ചുവോ....

Thursday 25 December 2025 12:43 AM IST
മുനമ്പത്ത് സമരം തുടരുന്നവർ (ഫയൽ ചിത്രം)​

വൈപ്പിൻ: മുനമ്പത്തെ 610 കുടുംബങ്ങളുടെ ഭൂമി വഖഫ് ബോർഡ് വഖഫ് ഭൂമിയാക്കിയത് സാധുവാണോ എന്ന സംശയം ബലപ്പെടുന്നു. 2019ൽ ഭൂമി വഖഫ് ബോർഡിന്റെ ഭൂരജിസ്റ്ററിൽ ഉൾപ്പെടുത്തും മുമ്പ് ഭൂഉടമകളെ അറിയിക്കണമെന്ന നടപടി​ക്രമം പാലി​ച്ചി​ട്ടി​ല്ലെന്ന വി​വരം പുറത്തുവന്നതോടെയാണി​ത്.

മുനമ്പം ഭൂസംരക്ഷണ സമിതി കൺവീനർ ജോസഫ് ബെന്നി കുറുപ്പശേരിക്ക് വി​വരാവകാശ അപേക്ഷയി​ൽ നൽകി​യ മറുപടി​യി​ൽ ഫറൂഖ് കോളേജിന് മാത്രമേ നോട്ടീസ് നൽകി​യി​ട്ടുള്ളൂവെന്നാണ് വഖഫ് ബോർഡ് വ്യക്തമാക്കി​യത്.

താമസക്കാർക്ക് നോട്ടീസ് നൽകേണ്ടതി​ല്ലെന്നും മറുപടിയിലുണ്ട്. ഇത് സുപ്രീം കോടതി വിധികളുടെ ലംഘനമാണെന്നാണ് ഭൂസംരക്ഷണ സമി​തി​യുടെ വാദം. ഭൂമി ഏറ്റെടുത്ത നടപടി റദ്ദാക്കാൻ മതിയായ കാരണമാണ് ഈ പി​ഴവെന്ന് ജോസഫ് ബെന്നി​ പറഞ്ഞു. വഖഫ് ട്രൈബ്യൂണലും ഇതേ ചോദ്യങ്ങൾ വഖഫ് ബോർഡിനോട് ചോദിച്ചിട്ടുണ്ടെങ്കിലും മറുപടി നൽകിയിട്ടില്ല. ഒരു മാസത്തിനകം മറുപടി സമർപ്പി​ക്കണമെന്ന് ഡി​സംബർ 20ന് ട്രൈബ്യൂണൽ നി​ർദ്ദേശി​ച്ചി​ട്ടുണ്ട്.

നടപടി​ക്രമം പാലി​ക്കപ്പെട്ടി​ല്ലെങ്കി​ൽ വഖഫ് രജിസ്‌ട്രേഷൻ റദ്ദാക്കാൻ വഖഫ് ട്രൈബൂണലിന് സാധി​ക്കും. ഇക്കാര്യത്തി​ൽ എന്ത് സംഭവി​ക്കുമെന്ന ആകാംക്ഷയി​ലാണ് ഭൂഉടമകൾ. സുപ്രീംകോടതി, കേരള ഹൈക്കോടതി, കോഴിക്കോട് വഖഫ് ട്രൈബ്യൂണൽ എന്നിവിടങ്ങളിലാണ് മുനമ്പം ഭൂവ്യവഹാരം.

ഭൂമിയുടെ കരം അടയ്ക്കാൻ മാത്രമാണ് അനുവാദമെന്നും മറ്റ് റവന്യൂ നടപടികൾ പാടില്ലെന്നുമുള്ള ഹൈക്കോടതി വിധി വന്നതോടെ മുനമ്പം നിവാസികൾ അനിശ്ചിതത്വത്തിലായിരുന്നു. നീണ്ട നിയമപ്പോരാട്ടത്തിനൊടുവിലാണ് കരം അടയ്ക്കാൻ അനുമതി ലഭിച്ചത്. നാനൂറോളം പേർ കരം അടച്ചു. പിന്നീട് സർക്കാർ നിർദ്ദേശപ്രകാരം 5 പേർ ഭൂമിപോക്കുവരവിന് അപേക്ഷയും നൽകി. കരം സ്വീകരിക്കാമെന്ന് വിധി വന്നതോടെ വേളാങ്കണ്ണി മാതാ പള്ളി അങ്കണത്തിൽ നടത്തിവന്നിരുന്ന 414 ദിവസത്തെ റിലേ നിരാഹാര സമരം അവസാനിപ്പിച്ചിരുന്നു. സമരസമിതിയിലെ ഒരുവിഭാഗം പള്ളിക്ക് എതിർവശം സമരം തുടരുകയാണ്.

ആധാരം ചെയ്ത് 69 വർഷം കഴി​ഞ്ഞ് വഖഫ് ബോർഡ് മുനമ്പം ഭൂമി​ വഖഫ് ആക്കി​യത് നടപടി​ക്രമങ്ങളൊന്നും പാലി​ക്കാതെയാണ്. 1923 മുതലുള്ള വഖഫ് നി​യമങ്ങൾ പ്രകാരം ആറ് മാസത്തി​നുള്ളി​ൽ ചെയ്യേണ്ടതായി​രുന്നു. സെക്ഷൻ 14 പ്രകാരം താമസക്കാർക്ക് നൽകേണ്ട നോട്ടീസും നൽകി​യി​ട്ടി​ല്ല.

ഫാ.ആന്റണി​ സേവ്യർ തറയി​ൽ

വി​കാരി​, വേളാങ്കണ്ണി​മാതാ പള്ളി​, മുനമ്പം