15 സിക്‌സറും 16 ഫോറുകളും, വിജയ് ഹസാരെയിൽ അടിച്ചുതകർത്ത് സൂര്യവംശി, 50 ഓവറിൽ ബീഹാർ നേടിയത് 574 റൺസ്
റാഞ്ചി: അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഒന്ന് നിറംമങ്ങിയെങ്കിലും ഇപ്പോഴും ഫോമിന് ഒന്നും സംഭവിച്ചിട്ടില്ലെന്ന് തെളിയിച്ച് കൗമാരതാരം വൈഭവ് സൂര്യവംശി. വിജയ്‌ഹസാരെ ട്രോഫിയിൽ ബീഹാറിനായി അരുണാചൽ പ്രദേശിനെതിരായുള്ള മത്സരത്തിൽ 84 പന്തിൽ 190 റൺസാണ് വൈഭവ് അടിച്ചുകൂട്ടിയത്. ഇതിൽ 16 ഫോറുകളും 15 സിക്‌സറുമുണ്ടായിരുന്നു. വൈഭവിന്റെയും ക്യാപ്റ്റൻ സാക്കിബുൾ ഗനിയുടെയും (40 പന്തിൽ പുറത്താകാതെ 128), വിക്കറ്റ് കീപ്പർ ബാറ്റർ ആയുഷ് ആനന്ദ് ലോഹറുക (56 പന്തിൽ 116)യുടെയും കരുത്തിൽ ബീഹാർ 50 ഓവറിൽ ആറ് വിക്കറ്റ് നഷ്‌ടത്തിൽ 574 റൺസാണ് അടിച്ചുകൂട്ടിയത്.
മറുപടി ബാറ്റിംഗിനിറങ്ങിയ അരുണാചൽ ദയനീയ തോൽവിയിലേക്കാണ് നീങ്ങുന്നത്. എട്ട് വിക്കറ്റുകൾ നഷ്‌ടമായ അവർക്ക് ഇനിയും ജയിക്കാൻ 400ലേറെ റൺസ് വേണം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ബീഹാറിനായി ഓപ്പൺ ചെയ്‌ത സൂര്യവംശി 36 പന്തുകൾ നേരിട്ടാണ് 100 റൺസ് നേടിയത്. ഇതോടെ ലിസ്റ്റ് എ ക്രിക്കറ്റിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി.
ക്യാപ്റ്റൻ ഗനിയാകട്ടെ ലിസ്റ്റ് എ ക്രിക്കറ്റിൽ ഏറ്റവും വേഗം സെഞ്ച്വറി നേടിയ താരമായി മാറി. 32 പന്തിൽ നിന്നാണ് ഗനി സെഞ്ച്വറി നേടിയത്. ലിസ്റ്റ് എ മത്സരങ്ങളിൽ ഏറ്റവുമധികം റൺസ് നേടുന്ന ടീമെന്ന റെക്കോഡ് ബീഹാർ ഇന്നുനേടി. മറുപടി ബാറ്റിംഗിനിറങ്ങിയ അരുണാചലിനെ സൂരജ് കശ്യപും (31 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ്), ആകാശ് ബിഭൂതി രാജും (മൂന്ന് വിക്കറ്റ്) ചേർന്ന് വരിഞ്ഞുമുറുക്കി.