കൊച്ചിക്കിനി പൂക്കാലം, ഫ്‌ളവർ ഷോയ്ക്ക് തുടക്കം

Thursday 25 December 2025 12:19 AM IST
കൊച്ചിൻ ഫ്‌ളവർ ഷോ ഉദ്ഘാടനം ചെയ്ത ജില്ലാ കളക്ടർ ജി. പ്രിയങ്കയും ഡി.സി.പി അശ്വതി ജിജിയും സെൽഫിയെടുക്കുന്നു.

കൊച്ചി: തായ്‌ലൻഡ്, ഹോളണ്ട് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഓർക്കിഡുകളും ലില്ലിപ്പൂക്കളും. എണ്ണമറ്റ വിദേശയിനം പൂച്ചെടികൾ. കാഴ്‌ചകളുടെ പൂക്കാലത്തിന് ഇനി മറൈൻ ഡ്രൈവിലെത്തിയാൽ മതി. കൊച്ചിക്കിനി 12 നാൾ പൂക്കാലം.

ജില്ലാ അഗ്രി - ഹോർട്ടി കൾച്ചർ സൊസൈറ്റി സംഘടിപ്പിക്കുന്ന കൊച്ചിൻ ഫ്‌ളവർ ഷോയ്ക്ക് തുടക്കമായി. സൊസൈറ്റി സംഘടിപ്പിക്കുന്ന 42 -ാമത് കൊച്ചിൻ ഫ്‌ളവർ ഷോ ജില്ലാ കളക്ടർ ജി. പ്രിയങ്കയും ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ അശ്വതി ജിജിയും ഉദ്ഘാടനം ചെയ്തു.

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ പുഷ്പമേള അരലക്ഷം ചതുരശ്ര അടി വിസ്‌തൃതിയിലാണ് ഒരുക്കിയിരിക്കുന്നത്. 75 ഇനങ്ങളിൽ നിന്നുള്ള ഒരുലക്ഷം ചെടികളാണ് പ്രദർശിപ്പിക്കുന്നത്. തായ്‌ലൻഡിനും ഹോളണ്ടിനും പുറമേ സ്‌കോട്ട്ലൻഡ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത ചെടികൾ മേളയിലുണ്ട്.

പൂനെ, ബംഗളൂരു, ഹൊസൂർ, അഗളികോട്ട, മൈസൂർ തുടങ്ങി ഇന്ത്യയുടെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ചെടികളും പ്രദർശിപ്പിച്ചിട്ടിട്ടുണ്ട്. രാവിലെ 10 മുതൽ രാത്രി 10.30 വരെയാണ് പുഷ്പമേള. മുതിർന്നവർക്ക് ടിക്കറ്റ് നിരക്ക് 120 രൂപയാണ്. കുട്ടികൾക്ക് 50 രൂപ. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് നിരക്കിളവുണ്ട്.