തിരുവനന്തപുരം കോർപറേഷൻ: യുഡിഎഫ് മേയർ സ്ഥാനാർത്ഥി കെ എസ് ശബരീനാഥൻ, മേരി പുഷ്‌പം ഡെപ്യൂട്ടി മേയർ സ്ഥാനാർത്ഥി
തിരുവനന്തപുരം: തലസ്ഥാന നഗരസഭയിൽ മേയർ സ്ഥാനത്തേക്ക് കോൺഗ്രസ് നേതാവ് കെ എസ് ശബരീനാഥൻ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കും. കുന്നുകുഴി കൗൺസിലർ മേരി പുഷ്‌പം ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്കും മത്സരിക്കും. എൽഡിഎഫും നേരത്തെ മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്നതിന് തീരുമാനിച്ചിരുന്നു.
പുന്നയ്‌ക്കാമുഗൾ കൗൺസിലറും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ ആർ പി ശിവജിയാണ് ഇടതുപക്ഷത്തിന്റെ മേയർ സ്ഥാനാർത്ഥി. മൂന്ന് മുന്നണികളുടെയും സ്ഥാനാർത്ഥികൾ ഇതോടെ മേയർ പദവിയിൽ മത്സരിക്കുമെന്ന് ഉറപ്പായി. 100 കൗൺസിലർമാരിൽ 50 പേരുള്ള ബിജെപിയാണ് നിലവിൽ കൗൺസിലിലെ ഏറ്റവും വലിയ കക്ഷി. അതിനാൽ മേയർ സ്ഥാന തിരഞ്ഞെടുപ്പിൽ ബിജെപിയ്‌ക്ക് പ്രയാസമുണ്ടാകും എന്ന് കരുതാനാകില്ല. എന്നാൽ മത്സരമുണ്ടാകില്ല എന്ന സ്ഥിതി ഒഴിവാക്കാനാണ് മറ്റ് രണ്ട് മുന്നണികളും മത്സരത്തിന് രംഗത്തെത്തിയത്. ഡിസംബർ 26ന് രാവിലെ 10.30നാണ് മേയർ തിരഞ്ഞെടുപ്പ്. ഉച്ചയ്‌ക്ക് ശേഷമാകും ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പ്.