'ഉത്തരേന്ത്യയിൽ സംഘപരിവാർ വിജയിപ്പിച്ച ആൾക്കൂട്ട ഹിംസ ഇവിടേക്ക് പറിച്ചുനടാനാണ് ശ്രമം, കേരളം അതിനുള്ള മണ്ണല്ല'

Wednesday 24 December 2025 5:35 PM IST

തിരുവനന്തപുരം: വാളയാറിലെ ആൾക്കൂട്ട കൊലപാതകം കേരളത്തെ ഞെട്ടിച്ച സംഭവമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉത്തരേന്ത്യയിൽ സംഘപരിവാർ വിജയിപ്പിച്ച ആൾകൂട്ട ഹിംസയെ കേരളത്തിലേക്ക് പറിച്ചു നടാനുള്ള ശ്രമമാണ് അവർ നടത്തുന്നതെന്നും കേരളം അതിനുള്ള മണ്ണല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി പറഞ്ഞത്:

'ബിജെപിയും ആർഎസ്‌എസും ക്രിസ്‌മസ് ആഘോഷങ്ങളെ കടന്നാക്രമിക്കുകയാണ്. എല്ലാത്തിനും പിന്നിൽ സംഘപരിവാർ സംഘങ്ങളാണ്. ചില സ്‌കൂളുകളിൽ ക്രിസ്‌മസ് ആഘോഷങ്ങൾ റദ്ദാക്കിയതിനെക്കുറിച്ച് അന്വേഷിക്കും. ചില പോസ്റ്റ്‌ഓഫീസുകളിൽ ഗണഗീതം പാടാൻ ബിഎംഎസ് ആവശ്യപ്പെട്ടതിനെത്തുടർന്ന് ക്രിസ്‌മസ് ആഘോഷം റദ്ദാക്കിയതായി അറിഞ്ഞു. യുപിയിൽ ക്രിസ്‌മസ് ആഘോഷങ്ങൾ റദ്ദാക്കിയത് പോലുള്ള ശ്രമങ്ങൾ കേരളത്തിലും ഉണ്ടാവുകയാണ്.

രാംനാരായൺ കൊല്ലപ്പെട്ടത് കേരള മനസാക്ഷിയെ ഞെട്ടിച്ച കാര്യമാണ്. ഉത്തരേന്ത്യയിൽ സംഘപരിവാർ വിജയിപ്പിച്ച ആൾക്കൂട്ട ഹിംസയെ കേരളത്തിലേക്ക് പറിച്ചുനടാനുള്ള ശ്രമമാണ്. കേരളം അതിനുള്ള മണ്ണല്ല. കുടുംബത്തെ സംരക്ഷിക്കാനാണ് ആ ചെറുപ്പക്കാരൻ ഛത്തീസ്‌ഗഡിൽ നിന്ന് ഇവിടേക്കെത്തിയത്. ഭാര്യയും രണ്ട് കുഞ്ഞുങ്ങളും അമ്മയുമടങ്ങുന്ന കുടുംബം രാംനാരായണിന്റെ കൊലപാതകത്തോടെ അനാഥമായി.

ആ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 30 ലക്ഷം രൂപ അനുവദിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഭാര്യയ്‌ക്കും അമ്മയ്‌ക്കും അഞ്ച് ലക്ഷം രൂപ വീതവും കുട്ടികൾക്ക് പത്ത് ലക്ഷം രൂപ വീതവുമാണ് നൽകുക. മക്കളുടെ പേരിലുള്ള തുക സ്ഥിരനിക്ഷേപമായി നൽകും. അതിൽ നിന്ന് ലഭിക്കുന്ന പലിശ കുട്ടികളുടെ ആവശ്യങ്ങൾക്കായി അമ്മയ്‌ക്ക് നൽകാനും തീരുമാനിച്ചു.

അതേസമയം കേരളത്തിൽ നിന്നുള്ള ഒരു വ്യക്തിയുടെ ഹൃദയമാണ് കഴിഞ്ഞ ദിവസം നേപ്പാൾ സ്വദേശിക്ക് ദാനം ചെയ്‌തത്. സ‌ർക്കാർ ആശുപത്രിയിലാണ് ശസ്‌ത്രക്രിയ നടത്തിയത്. സർക്കാർ ഹെലികോപ്‌ടറിലാണ് ഹൃദയം കൊണ്ടുപോയത്. ഇതാണ് കേരളം ഉയർത്തിപ്പിടിക്കുന്ന മഹനീയത, സാഹോദര്യം, മാനവീയ മൂല്യം, മാനുഷിക സ്‌നേഹം. കേരളം അതിന്റെ സംസ്‌കാരം എടുത്തുകാട്ടുന്ന പ്രവൃത്തികൾ ചെയ്യുമ്പോൾ നശീകരണ മനസുള്ള ചിലർ ആ നന്മയെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. അത് ജനങ്ങൾ തിരിച്ചറിയണം.

ആർഎസ്‌എസിന് ഒരിക്കലും കീഴ്‌പ്പെടുത്താൻ പറ്റാത്തതാണ് മലയാളികളുടെ മതേതര മനസ്. വിദ്വേഷം വളർത്തൽ, കലാപം സൃഷ്‌ടിക്കൽ എന്നിവയെല്ലാം കേരളത്തിൽ ആർഎസ്‌എസ് സൃഷ്‌ടിച്ചു.'