മുതലപ്പൊഴിയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികളെ കാണാതായി
ചിറയിൻകീഴ്: അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ ഇന്നലെ രാവിലെ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികളെ കാണാതായി. കടയ്ക്കാവൂർ എസ്.എസ്.പി.ബി.എച്ച്.എസിലെ പത്താം ക്ലാസ് വിദ്യാർത്ഥികളായ വക്കം തൊപ്പിക്കവിളാകം മണക്കാട്ടുവിളാകം വീട്ടിൽ ബിഫു - ജയശ്രീ ദമ്പതികളുടെ മകൻ ദേവനാരായണൻ (15), വക്കം നിലയ്ക്കാമുക്ക് ആലിയിറക്കം വീട്ടിൽ സോമൻ - ബേബി ഗിരിജ ദമ്പതികളുടെ മകൻ ഹരിചന്ദ് (15) എന്നിവരെയാണ് കാണാതായത്. ഇവരുടെ ഏക മകനാണിത്.
ഇന്നലെ രാവിലെ മുതലപ്പൊഴിയിലെ താഴംപള്ളി ബീച്ചിൽ കുളിക്കാനിറങ്ങിയപ്പോഴാണ് വിദ്യാർത്ഥികൾ തിരയിലകപ്പെട്ടത്. സ്കൂളിൽ ഇന്നലെ കലോത്സവമായിരുന്നു. പത്താം ക്ലാസിൽ പഠിക്കുന്ന ഏഴ് വിദ്യാർത്ഥികളും എട്ടാം ക്ലാസിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥിയും നേരത്തേ പ്ലാൻ ചെയ്താണ് മുതലപ്പൊഴി സന്ദർശിക്കാൻ എത്തിയത്. നാല് സൈക്കിളിലായാണ് ഇവർ എത്തിയതെന്ന് സമീപവാസികൾ പറഞ്ഞു. കുളിക്കാനുളള ഡ്രസുമായിട്ടാണ് എത്തിയത്. ഇതിൽ മൂന്ന് പേർ കുളിക്കാനിറങ്ങി. വേലിയിറക്ക സമയമായതിനാൽ മൂവരും കടൽത്തിരയിൽപ്പെട്ട് ആഴങ്ങളിലേക്ക് വളരെ പെട്ടെന്ന് മറയുകയായിരുന്നു. കരയിൽനിന്ന മറ്റ് വിദ്യാർത്ഥികൾ അലറിവിളിക്കുന്നത് കേട്ട് സ്ഥലത്തെത്തിയ മത്സ്യത്തൊഴിലാളികളും കോസ്റ്റൽ പൊലീസും ചേർന്ന് ഉടൻ രക്ഷാപ്രവർത്തനം നടത്തിയതിനാൽ മൂവരിൽ ഒരാളായ ഗോകുലിനെയെങ്കിലും രക്ഷപ്പെടുത്താൻ സാധിച്ചു. സംഭവം അറിഞ്ഞെത്തിയ മറൈൻ എൻഫോഴ്സ്മെന്റും ആറ്റിങ്ങൽ ഫയർഫോഴ്സും കോസ്റ്റ് ഗാർഡും ചേർന്ന് നിരീക്ഷണം നടത്തിയെങ്കിലും മറ്റ് രണ്ടുപേരെ കണ്ടെത്താനായില്ല. ശക്തമായ അടിയൊഴുക്കുള്ളതിനാൽ മുങ്ങൽ വിദഗ്ദ്ധ സംഘത്തിനുപോലും വിദ്യാർത്ഥികളെ കാണാതായ ഭാഗത്ത് ഇറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. നിരീക്ഷണ തെരച്ചിൽ ഇന്നലെ രാത്രിയും തുടർന്നു.