സുരക്ഷാവീഴ്ച: കടകൾക്കെതിരെ നടപടി

Thursday 25 December 2025 2:01 AM IST

കൊച്ചി: വ്യാപാര കേന്ദ്രമായ ബ്രോഡ്‌വേ മേത്തർ ബസാറിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ചവരുത്തിയ 12 സ്ഥാപനങ്ങൾക്കെതിരെ ജില്ലാ ദുരന്ത നിവാരണ അതോറിട്ടി നടപടി ആരംഭിച്ചു. ഫയർ ആൻഡ് റെസ്‌ക്യൂ, ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് എന്നിവയുടെ സുരക്ഷാ സർട്ടിഫിക്കറ്റ് ലഭിക്കുന്നതുവരെ സ്ഥാപനങ്ങളെ പ്രവർത്തിപ്പിക്കരുതെന്ന് കൊച്ചി കോർപ്പറേഷന് അതോറിട്ടി നിർദ്ദേശം നൽകി. വിവിധ വകുപ്പുകൾ സംയുക്തമായി നടത്തിയ പരിശോധനയിൽ പല കടകളിലും അഗ്‌നിശമന സംവിധാനങ്ങളില്ലെന്നും ഷോർട്ട് സർക്യൂട്ട് തടയുന്നതിനുള്ള സംവിധാനങ്ങൾ പ്രവർത്തിക്കുന്നില്ലെന്നും കണ്ടെത്തി. തീപിടുത്തത്തിന് സാദ്ധ്യതയുള്ള വസ്തുക്കൾ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നതും വ്യക്തമായി. കുറവുകൾ പരിഹരിക്കാൻ നൽകിയ മൂന്ന് ദിവസവും നിർദ്ദേശം പാലിക്കാത്ത കടകൾക്കെതിരെയാണ് നടപടി.