റേഷന്‍ ഇനി വീട്ടിലേക്കെത്തും; ഹോം ഡെലിവറി സംവിധാനം നടപ്പിലാക്കാന്‍ ഗള്‍ഫ് രാജ്യം
ദോഹ: രാജ്യത്തെ റേഷന്‍ വിതരണ സംവിധാനത്തില്‍ സുപ്രധാനമായ മാറ്റം യാഥാര്‍ത്ഥ്യമാകുന്നു. റേഷന്‍ നേരിട്ട് വീടുകളിലേക്ക് എത്തിക്കുന്ന ഹോം ഡെലിവറി സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുകയാണ് ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയം. ആധുനിക സംവിധാനങ്ങള്‍ സര്‍ക്കാര്‍ സര്‍വീസുകളില്‍ പരമാവധി നടപ്പിലാക്കുകയും അതിലൂടെ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ മാറ്റങ്ങള്‍ നടപ്പിലാക്കുകയെന്നതുമാണ് പുതിയ മാറ്റത്തിന് പിന്നിലെ ലക്ഷ്യം.
രാജ്യത്തെ പൊതുവിതരണ സംവിധാനത്തെ ഡിജിറ്റല്‍വത്കരിക്കുകയെന്നതും ഈ മാറ്റത്തിലൂടെ ഖത്തര്‍ ഉദ്ദേശിക്കുന്നു. നൂതന സംവിധാനങ്ങള്‍ ഉപയോഗിച്ച് സര്‍ക്കാര്‍ സേവനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുക, ഗുണഭോക്തൃ അനുഭവം മെച്ചപ്പെടുത്തുക, മികച്ച സേവന വിതരണം ഉറപ്പാക്കാന്‍ ഡിജിറ്റല്‍ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുക എന്നിവയാണ് പുതിയ സംരംഭത്തിന്റെ ലക്ഷ്യമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
രാജ്യത്തെ സബ്‌സിഡി നിരക്കില്‍ റേഷന്‍ ലഭിക്കാന്‍ അര്‍ഹതയുള്ളപൗരന്‍മാര്‍ക്ക് വേണ്ടിയാണ് ഹോം ഡെലിവറി ഏര്‍പ്പെടുത്തിയത്. രാജ്യത്തെ പൗരന്‍മാര്‍ക്ക് തങ്ങളുടെ വീട്ടുപടിക്കല്‍ തന്നെ റേഷന്‍ എത്തുന്നത് വലിയ സൗകര്യമായിരിക്കുമെന്നാണ് മന്ത്രാലയം വിലയിരുത്തുന്നത്. ഡെലിവറി പ്രക്രിയ സുഗമമാക്കാന്‍ വ്യക്തിവിവരങ്ങളുടെ കൃത്യമായ രേഖപ്പെടുത്തലും വെരിഫിക്കേഷന്‍ കോഡും ഉണ്ടായിരിക്കും. വെരിഫിക്കേഷന്‍ കോഡ് മുഖേന വിവരങ്ങള്‍ സ്ഥിരീകരിച്ചതിന് ശേഷമായിരിക്കും ഡെലിവറി. ഇതിന് 25 ഖത്തര്‍ റിയാല്‍ ഫീസ് ആയി ഈടാക്കും.