രാജവെമ്പാലയ്‌ക്ക് മറ്റ് പാമ്പുകൾക്കില്ലാത്ത ഒരു വലിയ പ്രത്യേകതയുണ്ട്, എന്തെന്നറിയുമോ?
ഉഗ്രവിഷമുള്ള പാമ്പുകളാണ് രാജവെമ്പാലകൾ. ലോകമാകെയുള്ള രാജവെമ്പാലകളുടെ പ്രധാന ഭക്ഷണം മറ്റ് പാമ്പുകളാണ്. വിഷമുള്ളവയെങ്കിലും ഇവ മനുഷ്യനെ ആക്രമിച്ച കേസുകൾ വളരെ കുറവാണ്. കാരണം പരമാവധി അപകടം നിറഞ്ഞ സാഹചര്യത്തിൽ നിന്നും ഒഴിഞ്ഞുപോകാനേ ഇവ ശ്രമിക്കാറുള്ളൂ എന്നതുതന്നെ.
കൂടൊരുക്കുന്ന ഒരേയൊരു പാമ്പ് രാജവെമ്പാലയാണെന്ന് നമുക്കറിയാം. പക്ഷെ മറ്റ് പാമ്പുകളെക്കാൾ ഏറെ കാഴ്‌ചശക്തിയുള്ള പാമ്പും രാജവെമ്പാലയാണ്. 100 മീറ്റർ ദൂരത്തുള്ള വസ്‌തുക്കൾ വരെ ഇതിന് കാണാൻ കഴിയും. 10 മുതൽ 12 അടി നീളംവരെ ഇവ വയ്‌ക്കാറുണ്ട്. അതിനാൽ തലഉയർത്തി നിൽക്കുമ്പോൾ ഏറെ വലിപ്പം തോന്നിക്കും. മറ്റ് പാമ്പുകളെപ്പോലെ ചീറ്റുകയല്ല ഇവ ചെയ്യുക പകരം ഒരു മുരൾച്ച ശബ്‌ദമാണ് ഉണ്ടാക്കുക.
പകൽ വേട്ടയാടുന്ന മിക്ക പാമ്പുകൾക്കും കാഴ്‌ചശക്തി കുറവാണ്. അവ നാവ്നീട്ടിയാണ് ഇരയുടെയും ശത്രുക്കളുടെയും സാന്നിദ്ധ്യം അറിയുക. പാമ്പ് ശത്രുക്കളെ ഓർത്തുവച്ച് പകരം വീട്ടുമെന്നെല്ലാം കഥ പ്രചരിക്കാറുണ്ട്. ഇത് കഥ മാത്രമാണ്. യഥാർത്ഥത്തിൽ പാമ്പിന് കണ്ട മനുഷ്യരുടെയോ മൃഗങ്ങളുടെയോ രൂപം ഓർത്തുവയ്‌ക്കാനാകില്ല. ഇവയുടെ കണ്ണിലെ പ്രത്യേകത തന്നെയാണിത്. എന്നാൽ ജീവന് ഭീഷണിയെന്ന് തോന്നിയാൽ മിക്ക പാമ്പുകളും ഭയപ്പെടുത്താൻ ശ്രമിക്കുകയോ കടിക്കുകയോ ചെയ്യാം.