വീഥികളിൽ വിസ്മയമായി കുട്ടിപ്പാപ്പമാർ
ചെങ്ങന്നൂർ: കല്ലിശേരി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം യു.പി. സ്കൂളിലെ ക്രിസ്മസ് ആഘോഷങ്ങൾക്ക് ആവേശകരമായ തുടക്കം. ആഘോഷങ്ങളുടെ ഭാഗമായി സ്കൂൾ സംഘടിപ്പിച്ച ക്രിസ്മസ് പാപ്പ വിളംബര ജാഥ – ബോൺ നത്താലേ - കല്ലിശേരി നഗരവീഥികളെ ചുവപ്പണിയിച്ചു. സ്കൂളിലെ 400-ഓളം വിദ്യാർത്ഥികൾ ക്രിസ്മസ് പാപ്പയുടെ വേഷമണിഞ്ഞ് ജാഥയിൽ അണിനിരന്നു. പാട്ടിന്റെയും താളമേളങ്ങളുടെയും അകമ്പടിയോടെ കുട്ടിപ്പാപ്പമാർ അണിനിരന്നു. ക്രിസ്മസിന്റെ സന്തോഷവും സന്ദേശവും വിളിച്ചോതിയ ജാഥയിലുടനീളം വിദ്യാർത്ഥികളുടെ ആവേശകരമായ പ്രകടനം ശ്രദ്ധേയമായി. കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ഗീവർഗീസ് അപ്രേം വിളംബര ജാഥ ഉദ്ഘാടനം ചെയ്തു. ഫാ.വർഗീസ് കോർഎപ്പിസ്കോപ്പ, സ്കൂൾ മാനേജർ ഫാ.റെന്നി കട്ടേൽ, ഹെഡ്മിസ്ട്രസ് സി. അലക്സി എസ്.വി.എം, പി.ടി.എ. പ്രസിഡന്റ് എബി ജേക്കബ് എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികൾക്കൊപ്പം അദ്ധ്യാപകരും രക്ഷിതാക്കളും ആഘോഷങ്ങളിൽ സജീവമായി പങ്കാളികളായി.