ചെക്ക് ക്ലിയറിംഗ് രണ്ടാം ഘട്ടം ആർ.ബി.ഐ നീട്ടിവച്ചു
മുംബയ്: ചെക്കുകൾ വേഗത്തിൽ ക്ലിയർ ചെയ്യുന്നതിനുള്ള കണ്ടിന്യൂസ് ചെക്ക് ക്ലിയറിംഗ് സംവിധാനത്തിന്റെ രണ്ടാം ഘട്ടം നടപ്പിലാക്കുന്നത് റിസർവ് ബാങ്ക് ഒഫ് ഇന്ത്യ (ആർ.ബി.ഐ) നീട്ടിവച്ചു. ബാങ്കുകൾക്ക് പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ സമയം അനുവദിക്കുന്നതിനാണ് നടപടിയെന്ന് ഇന്നലെ പുറത്തിറക്കിയ സർക്കുലറിൽ ആർ.ബി.ഐ വ്യക്തമാക്കി. 2026 ജനുവരി 3ന് ആരംഭിക്കേണ്ടിയിരുന്ന രണ്ടാം ഘട്ടത്തിന്റെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
നിലവിലെ ബാച്ച് അടിസ്ഥാനത്തിലുള്ള രീതിക്ക് പകരം ചെക്ക് ക്ലിയർ ചെയ്യുന്നത് ഉപഭോക്താക്കൾക്ക് സൗകര്യപ്രദമാക്കുക എന്നത് ലക്ഷ്യമിട്ട് കൊണ്ടുവന്നതാണ് പുതിയ സംവിധാനം. ഇതിന്റെ ഒന്നാംഘട്ടം ഈ വർഷം ഒക്ടോബർ 4 മുതൽ നിലവിൽ വന്നിരുന്നു. ഇതിന് മാറ്റം വരില്ലെന്ന് സർക്കുലറിൽ വ്യക്തമാക്കുന്നു.
രണ്ടാം ഘട്ടം നീട്ടിവച്ചതിനൊപ്പം ചെക്ക് പ്രോസസിംഗ് സമയക്രമത്തിലും ആർ.ബി.ഐ മാറ്റം വരുത്തി. പുതിയ നിർദ്ദേശപ്രകാരം ചെക്കുകൾ സമർപ്പിക്കാനുള്ള സമയം രാവിലെ 9 മുതൽ ഉച്ചയ്ക്ക് 3 വരെയും ബാങ്കുകൾക്ക് ഇത് സ്വീകരിക്കാനോ തള്ളാനോ ഉള്ള സമയം രാവിലെ 9 മുതൽ വൈകിട്ട് 7 വരെയുമാണ്.