എച്ച്.എം.ടി.യുടെ വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചു
കളമശേരി: എച്ച്.എം.ടി യിൽ കുടിശികയുടെ പേരിൽ വിച്ഛേദിച്ച വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചു. കെ.എസ്.ഇ.ബി ട്രാൻസ്മിഷൻ ചീഫിന്റെ ഉത്തരവ് പ്രകാരം ഇന്നലെ വൈകിട്ട് 6.30ന് വൈദ്യുതി ലഭിച്ചു തുടങ്ങി. കുടിശികയുടെ പേരിൽ കെ.എസ്.ഇ.ബി, എച്ച്.എം.ടി.യുടെ വൈദ്യുതി വിച്ഛേദിച്ച സംഭവത്തിൽ കമ്പനി ജനറൽ മാനേജർ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്, വൈദ്യുതി വകുപ്പ് മന്ത്രി കൃഷ്ണൻ കുട്ടി എന്നിവരുമായി നടന്ന കൂടിക്കാഴ്ചയിലാണ് തീരുമാനം. 20 ലക്ഷം രൂപ 29ന് അടയ്ക്കണം. ജനുവരി 15നകം മറ്റ് കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കും. ബാക്കി തുക നൽകുന്നത് സംബന്ധിച്ച് രേഖാമൂലം ഉറപ്പും നൽകി. ചൊവ്വാഴ്ച രാവിലെ 10നാണ് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ എച്ച്.എം.ടി പവർ സ്റ്റേഷനിൽ എത്തി വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചത്. 30 കോടി രൂപ കുടിശികയുണ്ടെന്ന് കാണിച്ച് കഴിഞ്ഞ 8ന് കത്ത് നൽകിയിരുന്നു. വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് കമ്പനി ക്വാർട്ടേഴ്സിലെ താമസക്കാർ വെള്ളവും കറന്റുമില്ലാതെ വലഞ്ഞു. എച്ച്.എം.ടി. സ്കൂൾ, റേഷൻ കട, സൊസൈറ്റി എന്നിവയുടെ പ്രവർത്തനങ്ങളും താറുമാറായി. എച്ച്.എം.ടിയും കെ.എസ്.ഇ.ബിയും തമ്മിൽ 2007 മുതലുള്ള കുടിശിക തർക്കം പരിഹരിക്കാൻ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, ബി.എം.എസ് യൂണിയനുകൾ, ഓഫീസേഴ്സ് അസോസിയേഷൻ എന്നീ സംഘടനകൾ മുഖ്യമന്ത്രി, വ്യവസായ മന്ത്രി, വൈദ്യുതി മന്ത്രി എന്നിവർക്ക് നിവേദനം നൽകി.