ജനമൊഴുകി ക്രിസ്മസ് ഹാപ്പിയാക്കാൻ
കോഴിക്കോട്: ക്രിസ്മസ് തലേന്ന് തിരക്കിലമർന്ന് കോഴിക്കോട് നഗരം . നക്ഷത്രങ്ങളും പുൽക്കൂടും ക്രിസ്മസ് ട്രീയും സാന്റയുടെ വസ്ത്രങ്ങളും വാങ്ങാൻ ദൂരെദിക്കിൽ നിന്നുപോലും നിരവധിയാളുകളെത്തി. നഗരത്തിലെ ഏറ്റവും പ്രധാന വാണിജ്യകേന്ദ്രമായ മിഠായിത്തെരുവിൽ സൂചികുത്താൻ ഇടമില്ലാത്ത സ്ഥിതിയായിരുന്നു. എസ്.കെ പ്രതിമയുടെ ഭാഗം മുതൽ മേലേ പാളയം വരെയും വലിയ ജനക്കൂട്ടം ദൃശ്യമായിരുന്നു. കോർട്ട് റോഡിലും മൊയ്തീൻപള്ളി റോഡിലും താജ് റോഡിലും കച്ചവടം പൊടിപൊടിച്ചു. ക്രിസ്മസിന് വേണ്ടി പുത്തൻ വസ്ത്രങ്ങൾ വാങ്ങാനായിരുന്നു കൂടുതൽ പേർ എത്തിയത്. ക്രിസ്മസ് കേക്കുകളായിരുന്നു ആളുകൾക്ക് ഏറ്റവും പ്രിയം. വിവിധതരം കേക്കുകൾ ബേക്കറികളിലും കടകളിലും ഇടംപിടിച്ചു. ക്യാരറ്റ് കേക്കുകളാണ് കൂടുതൽ വിറ്റുപോയതെന്ന് കച്ചവടക്കാർ പറഞ്ഞു. ഹൽവയും മിഠായിയും വാങ്ങാനും മിഠായിത്തെരുവിൽ വലിയ തിരക്ക് അനുഭവപ്പെട്ടു. നഗരത്തിലെ മാളുകളിലും മാർക്കറ്റുകളിലും സാധനങ്ങൾ വാങ്ങാനെത്തിയവരുടെ ഒഴുക്കായിരുന്നു. മാളുകളിലെല്ലാം ക്രിസ്മസ് സ്പെഷ്യൽ പുൽക്കൂടുകളും സാന്റയും ഒരുക്കിയിരുന്നു. പാളയത്ത് പഴ, പച്ചക്കറി വിപണികൾ രാത്രിയിലും സജീവമായിരുന്നു. മാനാഞ്ചിറയിലെ നക്ഷത്രദീപങ്ങൾ കാണാൻ ആയിരങ്ങളാണ് എത്തിയത്. ബീച്ചിലും നിരവധിപേരെത്തി. മലാപ്പറമ്പിലെ കോർപ്പറേഷൻ പാർക്കിൽ ഇത്തവണ ക്രിസ്മസ്- പുതുവത്സര ആഘോഷങ്ങൾക്ക് അവസരമൊരുക്കിയിട്ടുണ്ട്. ക്രിസ്മസ് തിരക്ക് വർദ്ധിച്ചതോടെ നഗരത്തിൽ വലിയ ഗതാഗതകുരുക്കാണുണ്ടാവുന്നത്.