ക്രിസ്മസിന്റെ പ്രാധാന്യം തകർത്തു കളയാൻ ചിലർ ശ്രമിക്കുന്നു, മറ്റ് ആഘോഷങ്ങൾ പ്രഖ്യാപിക്കുന്നു; വിമർശിച്ച് ക്ലീമിസ് ബാവ
തിരുവനന്തപുരം : കരോൾ സംഘങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളെ രൂക്ഷമായി വിമർശിച്ച് മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷ്പ്പ് മാർ ക്ലീമിസ് കാതോലിക്കാ ബാവ. കരോൾ സംഘങ്ങളെ ആക്രമിക്കുന്ന പ്രതികൂല സാഹചര്യങ്ങൾ ദേശത്ത് വർദ്ധിച്ച് വരികയാണ്, രാജ്യത്തും ലോകത്തും ഇത്തരം അക്രമങ്ങൾ വർദ്ധിക്കുന്നു. അവർക്ക് വേണ്ടി പ്രാർത്ഥിക്കാം. ഭ്രാന്ത് കൊണ്ട് വെറുപ്പുണ്ടാക്കുന്നവരെ എന്താണ് പറയേണ്ടത്. ഇവരുടെ ഹൃദയങ്ങൾക്ക് വെളിച്ചം കൊടുക്കേണമേ. ക്രിസ്മസ് പ്രത്യാശ നൽകുന്ന സന്തോഷത്തിന്റെ പെരുന്നാളാണ്. ഭയമില്ലാത്ത, സന്തോഷത്തിന്റെ നല്ല അനുഭവത്തിൽ ക്രിസ്മസ് ആഘോഷിക്കാമെന്ന് ക്ലീമിസ് ബാവ പറഞ്ഞു.
ക്രിസ്മസ് ദിനത്തിന്റെ പ്രാധാന്യം തകർത്തു കളയാൻ അനേകർ ശ്രമിക്കുന്നു. അതിന്റെ പൊലിമ കളയാൻ മറ്റ് ആഘോഷങ്ങൾ പ്രഖ്യാപിക്കുന്നു. യേശുവിന്റെ നാമം ഭൂമിയിൽ നിന്ന് എടുത്തു മാറ്റാൻ ദൈവത്തിന് അല്ലാതെ മറ്റാർക്കും കഴിയില്ല. ജീവനെടുക്കാനും മർദ്ദിക്കാനും ഭയപ്പെടുത്താനും കഴിയും. ചേർത്തു നിറുത്താനും ധൈര്യപ്പെടുത്താനും നമുക്ക് കഴിയണം. ഭരണാധികാരികൾ്കക് വേണ്ടി പ്രാർത്ഥിക്കാം. ദൈവഭയത്തോടും നന്മയോടും കൂടി ജനങ്ങളെ നയിക്കാൻ കഴിയേണമേ എന്ന് പ്രാർത്ഥിക്കാമെന്നും മാർ ക്ലീമിസ് പറഞ്ഞു.