ഏഴരലക്ഷം പേരെ അന്നമൂട്ടി അന്നദാനമണ്ഡപം

Thursday 25 December 2025 12:34 AM IST

ശബരിമല : ഈ സീസണിൽ ഇതുവരെ ഏഴരലക്ഷത്തിലേറെപ്പേർക്കു സൗജന്യഭക്ഷണമൊരുക്കി സന്നിധാനത്തെ ദേവസ്വം ബോർഡിന്റെ അന്നദാനമണ്ഡപം. ചൊവ്വാഴ്ച രാത്രി വരെയുള്ള കണക്കനുസരിച്ച് 7,45,000 പേർക്കാണ് മൂന്നുനേരം സൗജന്യഭക്ഷണമൊരുക്കിയത്.

ഇക്കുറി ഡിസംബർ 21 മുതൽ കേരളീയ സദ്യയും ഉൾപ്പെടുത്തി അന്നദാനത്തിന്റെ രുചിയേറ്റിയിട്ടുമുണ്ട്. ഒന്നിടവിട്ട ദിവസങ്ങളിലാണ് സദ്യ. ഡിസംബർ 21, 23 തീയതികളിലെ ഉച്ചഭക്ഷണമായി 9786 പേർക്കാണ് സദ്യ വിളമ്പിയത്. ശബരിമലയിൽ എത്തിയ ഭക്തരിൽനിന്ന് അന്നദാനത്തിന് ഇതുവരെ ലഭിച്ച സംഭാവന 1.97 കോടി രൂപയാണെന്നും ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ഒ.ജി.ബിജു പറഞ്ഞു.

മുൻവർഷത്തെ അപേക്ഷിച്ച് ഇരുപതിനായിരത്തിലേറെപ്പേരാണ് അന്നദാനമണ്ഡപത്തിലെത്തിയത്. 2024 ഡിസംബർ 22 വരെയുള്ള കണക്കനുസരിച്ച് 7.07 ലക്ഷം ഭക്തർക്ക് അന്നദാനമൊരുക്കിയിരുന്നു. ഇക്കുറി ഡിസംബർ 22 വരെ 7.25 ലക്ഷം ഭക്തർക്ക് അന്നദാനമൊരുക്കി.

മാളികപ്പുറം ക്ഷേത്രത്തിനു സമീപം ആധുനികരീതിയിൽ പണികഴിപ്പിച്ചിട്ടുള്ള അന്നദാന മണ്ഡപത്തിൽ 800 പേർക്ക് ഒരുമിച്ചു ഭക്ഷണം കഴിക്കാം. രാവിലെ 6.30 മുതൽ ഉച്ചയ്ക്ക് 11.30 വരെ പ്രഭാതഭക്ഷണം, 12 മുതൽ 3.30 വരെ ഉച്ചഭക്ഷണം, വൈകിട്ട് 6.30 മുതൽ രാത്രി 11.30 വരെ അത്താഴം എന്നിങ്ങനെയാണ് ഭക്ഷണസമയം.