സന്നിധാനത്തെ അന്നം, സുധയുടെ കൈപ്പുണ്യം

Thursday 25 December 2025 12:39 AM IST
സന്നിധാനത്തെ പാചകപ്പുരയിൽ സുധ പഴയമഠം

ശബരിമല: സന്നിധാനത്ത് ജീവനക്കാർക്കുള്ള ഭക്ഷണം പാചകം ചെയ്യുന്നത് അൻപത്തിനാലുകാരിയായ സുധ പഴയമഠം. ചരിത്രത്തിലാദ്യമായാണ് ഒരുവനിത ശബരിമലയിൽ പാചകത്തിന്റെ കരാർ ഏറ്റടുത്തത്. ജീവനക്കാരുടെ മെസിൽ മൂന്നുനേരവും ഭക്ഷണം പാചകം ചെയ്തു നൽകുന്നതിനാണ് കരാർ. പ്രതിദിനം അയ്യായിരം പേർക്ക് ഭക്ഷണം നൽകുന്നു. കൊല്ലം തേവലക്കര ക്വാളിറ്റി കേറ്ററിംഗ് സർവീസ് ഉടമയാണ് സുധ. സന്നിധാനത്തെ വാടകമുറിയിൽ താമസിച്ചാണ് സുധ പാചകത്തിന് നേതൃത്വം നൽകുന്നത്. തൊഴിലാളികൾക്കൊപ്പം മൂന്ന് നേരവും ഭക്ഷണം പാചകം ചെയ്യാൻ സുധയും മകൻ സംഗീതും ഉണ്ടാകും. പുലർച്ചെ മൂന്നരയോടെ എഴുന്നേറ്റാണ് പാചകം തുടങ്ങുന്നത്. പമ്പയിലും നിലയ്ക്കലിലും ഭക്ഷണത്തിന്റെ കരാർ എടുത്തിരിക്കുന്നതും സുധയാണ്. ഇടയ്ക്കിടെ അവിടെയും പോകും.

ഇഡലി, ദോശ, ഉപ്പുമാവ് ഇവയിലേതെങ്കിലും ഒന്നാകും പ്രഭാത ഭക്ഷണം. രാവിലെ ആറ് മണിയാകുമ്പോഴേക്കും പ്രഭാത ഭക്ഷണം തയ്യാറാകും. ഊണിന് അവിയൽ, തോരൻ, പച്ചടി, നാരങ്ങ അല്ലെങ്കിൽ മാങ്ങ അച്ചാർ, തീയൽ എന്നിവയാണു കറികൾ. ആഴ്ചയിൽ ഒരുദിവസം വെജിറ്റബിൾ ബിരിയാണി, ഫ്രൈഡ്രൈസ് എന്നിവയിൽ ഏതെങ്കിലും ഒന്ന് നൽകും. വൈകിട്ട് കഞ്ഞിയാണ്. അസ്ത്രം, വൻപയർ തോരൻ എന്നിവയാണു കറികൾ. പ്രമേഹ രോഗികളായ ഉദ്യോഗസ്ഥർക്ക് വൈകിട്ടു കഞ്ഞിക്കു പകരം ചപ്പാത്തിയും ഗ്രീൻപീസുമാണു നൽകുന്നത്. ചില ദിവസം മാത്രം ഗ്രീൻ പീസിനു പകരം കടലക്കറി നൽകും. ദേശീയ ഗെയിംസ് പോലുള്ള വലിയ മേളകളിൽ ഭക്ഷണത്തിന്റെ കരാർ എടുത്തിട്ടുണ്ട് സുധ പഴയമഠം.