മുറുമുറുപ്പുകൾക്ക് അറുതിയില്ല, തദ്ദേശ അദ്ധ്യക്ഷർ: ഒത്തുതീർപ്പിനായി നെട്ടോട്ടം
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഭരണ നിയന്ത്രണം സംബന്ധിച്ച ചിത്രം വ്യക്തമായെങ്കിലും അദ്ധ്യക്ഷ സ്ഥാനത്തിൽ ചിലയിടങ്ങളിൽ മുറുമുറുപ്പുകൾ തുടരുന്നു. തർക്കങ്ങൾ പരിഹരിച്ച് ഒത്തുതീർപ്പുണ്ടാക്കാനുള്ള നെട്ടോട്ടത്തിലാണ് മുന്നണികൾ. നാളെയാണ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പ്.
എറണാകുളമാണ് ചർച്ചകളിൽ സജീവം. മേയർ പദവിയിലേക്ക് എത്തുമെന്ന് കരുതിയിരുന്ന കെ.പി.സി.സി ജനറൽ സെക്രട്ടറിയും എ.ഐ.സി.സി അംഗവുമായ ദീപ്തിമേരി വർഗീസ് തഴയപ്പെട്ടതാണ് വിവാദം. കെ.പി.സി.സി മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും ഇനി മേയർ സ്ഥാനത്തേക്കില്ലെന്നുമുള്ള നിലപാടിലാണ് അവർ. എ, ഐ ഗ്രൂപ്പുകൾ ഒത്തുചേർന്ന് ദീപ്തിയെ ഒതുക്കിയെന്നാണ് ആക്ഷേപം. വിഷയത്തിൽ നേതാക്കളുടെ തീരുമാനം നിർണായകമാകും. മാത്യുകുഴൽനാടൻ എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറി എം.ആർ.അഭിലാഷ് എന്നിവർ അതൃപ്തി പരസ്യമാക്കിയിട്ടുണ്ട്.
തൃശൂർ മേയർ സ്ഥാനത്തിലും പ്രതിസന്ധി തുടരുകയാണ്. ആദ്യഘട്ടത്തിൽ, മുൻ ഡെപ്യൂട്ടി മേയർ അഡ്വ. സുബി ബാബു, ലാലി ജയിംസ് എന്നിവരുടെ പേരുകളാണ് മേയർ സ്ഥാനത്തേക്ക് ഉയർന്നുവന്നിരുന്നത്. എന്നാൽ കൂടുതൽ പേർ മത്സരരംഗത്തേക്കെത്തിയതാണ് കോൺഗ്രസിനെ കുഴക്കുന്നത്. ഡോ. നിജി ജസ്റ്റിന്റെ പേരും ഇപ്പോൾ ഉയർന്നുകേൾക്കുന്നു. മുതിർന്ന നേതാക്കളായ അഡ്വ. സുബി ബാബുവിനെയും ലാലി ജയിംസിനെയും മറികടന്ന് നിജിയെ തിരഞ്ഞെടുത്താൽ നേതാക്കൾ പരസ്യമായി രംഗത്തെത്തിയേക്കും. പലതവണ കൗൺസിലറായ ശ്യാമള മുരളീധരനെ ഒത്തുതീർപ്പ് മേയറാക്കി അവതരിപ്പിക്കാനും നീക്കമുണ്ട്. അങ്ങനെയെങ്കിൽ ഡെപ്യൂട്ടി മേയർ സ്ഥാനം ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ളയാളാകും. എന്നാൽ ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് പൊതുസമ്മതനായി കെ.പി.സി.സി സെക്രട്ടറി എ.പ്രസാദിനെ പരിഗണിക്കണമെന്ന ആവശ്യവും ശക്തമാണ്.
പാല കടക്കാൻ പെടാപ്പാട്
പാല നഗരസഭയാണ് കൂനാങ്കുരുക്കുള്ള മറ്റൊരു സ്ഥാപനം. എൽ.ഡി.എഫിന് 12 ഉം യു.ഡി.എഫിന് വിമത ഉൾപ്പെടെ 11ഉം അംഗങ്ങളുള്ള നഗരസഭയുടെ ഭരണം, പുളിക്കകണ്ടം കുടുംബത്തിൽ നിന്നുള്ള മൂന്ന് കൗൺസിലർമാരുടെ നിലപാടിനെ ആശ്രയിച്ചിരിക്കും. ഇവരെ ചേർത്തു നിറുത്താനുള്ള ശ്രമത്തിലാണ് ഇരു മുന്നണികളും. എന്നാൽ ജോസ് കെ.മാണിയോട് പുളിക്കകണ്ടത്തിനുള്ള വിയോജിപ്പ് എൽ.ഡി.എഫിന് പാരയാകും.
ആലപ്പുഴ എൽ.ഡി.എഫിൽ കല്ലുകടി
ആലപ്പുഴ ജില്ലയിലെ 18 ഗ്രാമപഞ്ചായത്തുകളിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്തത് രണ്ട് മുന്നണികളെയും വെട്ടിലാക്കുന്നുണ്ട്. ആലപ്പുഴ നഗരസഭയിൽ വൈസ് ചെയർപേഴ്സൺ സ്ഥാനം ലീഗും സ്വതന്ത്രനും ആവശ്യപ്പെട്ടത് യു.ഡി.എഫിന് വെല്ലുവിളിയാണ്. തിരുവനന്തപുരത്ത് എൽ.ഡി.എഫിന് ഭൂരിപക്ഷമുള്ള ജില്ലാ പഞ്ചായത്തിൽ വൈസ് പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി സി.പി.എം- സി.പി.ഐ തർക്കമുണ്ട്. അദ്ധ്യക്ഷസ്ഥാനം സി.പി.എമ്മിനാണ്. ഇവിടെയും ഒത്തുതീർപ്പ് ചർച്ചകൾ പുരോഗമിക്കുകയാണ്.
തൊടുപുഴയിൽ പോസ്റ്റർ പ്രതിഷേധം
തൊടുപുഴ: നഗരസഭാദ്ധ്യക്ഷ സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം കോൺഗ്രസിന് തലവേദനയാണ്. റബ്ബർ സ്റ്റാമ്പ് ചെയർപേഴ്സൺ തൊടുപുഴയ്ക്ക് വേണ്ടെന്ന മട്ടിൽ നഗരത്തിൽ ജില്ലാ കോൺഗ്രസ് നേതൃത്വത്തിനെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. അദ്ധ്യക്ഷയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന കെ.പി.സി.സി ജനറൽ സെക്രട്ടറി നിഷ സോമന് പകരം, മുൻ നഗരസഭാ അദ്ധ്യക്ഷൻ ടി.ജെ.ജോസഫിന്റെ മകളും 28-ാംവാർഡ് കൗൺസിലറുമായ ലിറ്റി ജോസഫിനാണ് കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ ഭൂരിഭാഗം കൗൺസിലർമാരും പിന്തുണ നൽകിയത്. ഇതോടെ പാർട്ടിയിലെ ഒരുവിഭാഗം നിഷ സോമനെ പിന്തുണച്ച് സാമൂഹ്യമാദ്ധ്യമത്തിലടക്കം രംഗത്തെത്തി. ഇതിനു പിന്നാലെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. തർക്കം രൂക്ഷമായതോടെ അദ്ധ്യക്ഷസ്ഥാനം ആദ്യ ടേമിൽ മുസ്ലിം ലീഗിന് നൽകാനുള്ള നീക്കവും നടക്കുന്നുണ്ട്.
കൊല്ലത്ത് പിടിവലി
കാൽനൂറ്റാണ്ടിനുശേഷം യു.ഡി.എഫ് ഭരണം പിടിച്ച കൊല്ലം കോർപ്പറേഷനിൽ ഡെപ്യൂട്ടി മേയർ സ്ഥാനത്തിനുവേണ്ടി കോൺഗ്രസും ആർ.എസ്.പിയും തമ്മിൽ പിടിവലി. മേയർ സ്ഥാനാർത്ഥിയായി തിരഞ്ഞെടുപ്പിനുമുമ്പേ ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് എ.കെ.ഹഫീസിനെ കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. വനിതാ സംവരണമായ ഡെപ്യൂട്ടി മേയർ സ്ഥാനത്തിൽ ഘടക കക്ഷികളായ ആർ.എസ്.പിയുടെയും മുസ്ലിം ലീഗിന്റെയും വനിതാ കൗൺസിലർമാർ മുസ്ലിം വിഭാഗക്കാരാണ്. മേയറും ഡെപ്യൂട്ടി മേയറും മുസ്ലിം വിഭാഗത്തിൽ നിന്നുള്ളവരാകുന്നത് അനാവശ്യ ചർച്ചകൾക്ക് വഴിവയ്ക്കും. അതുകൊണ്ട് മറ്റ് വിഭാഗക്കാരെ പരിഗണിക്കാൻ ഡെപ്യൂട്ടി മേയർ സ്ഥാനം തങ്ങൾക്ക് നൽകണമെന്ന നിലപാടിലാണ് കോൺഗ്രസ്. എന്നാൽ തങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ആർ.എസ്.പി. ഇന്ന് ഉച്ചയ്ക്ക് ആർ.എസ്.പി, മുസ്ലിം ലീഗ് നേതാക്കളുമായി കോൺഗ്രസ് നടത്തുന്ന ഉഭയകക്ഷി ചർച്ചയിൽ തർക്കം അവസാനിക്കുമെന്നാണ് പ്രതീക്ഷ.