കുതിച്ച് കേരളവും, എട്ടിലൊന്ന് ഇ- വാഹനം
തൃശൂർ: വൈദ്യുത വാഹനങ്ങളിലേക്ക് കൂട്ടത്തോടെ മാറുകയാണ് മലയാളികളും. വൈദ്യുതവാഹന രജിസ്ട്രേഷനിൽ സംസ്ഥാനത്ത് കഴിഞ്ഞ വർഷത്തേക്കാൾ 15 ശതമാനം കുതിപ്പ്.
ഈ വർഷം നവംബർ വരെ 95,899 ഇലക്ട്രിക് വാഹനങ്ങൾ രജിസ്റ്റർ ചെയ്തു. കഴിഞ്ഞ വർഷത്തേക്കാൾ 12,631 എണ്ണം കൂടുതൽ. ഡിസംബറിലെ കണക്കു കൂടിയാവുമ്പോൾ ഒരു ലക്ഷം കവിയും. സംസ്ഥാനത്ത് 2024-25 സാമ്പത്തികവർഷം മൊത്തം വാഹന രജിസ്ട്രേഷൻ 7.95 ലക്ഷമാണ്. എട്ടിൽ ഒന്ന് ഇ വാഹനം.
കൂടുതലും ഇരുചക്ര വാഹനങ്ങളാണ്. രജിസ്‌ട്രേഷൻ ആവശ്യമില്ലാത്ത ഇലക്ട്രിക് സ്‌കൂട്ടറും ഇതിലുണ്ട്. ബാറ്ററി ചാർജിലും കാലാവധിയിലും തുടക്കത്തിൽ ആശങ്കയുണ്ടായിരുന്നു. എന്നാൽ, പ്രമുഖ വാഹന നിർമ്മാതാക്കൾ ഒറ്റ ചാർജിൽ 150- 200 കിലോമീറ്റർ കിട്ടുന്ന സ്കൂട്ടർ വിപണയിലിറക്കിയതോടെ കഥമാറി. കാറുകളാണെങ്കിൽ ഒറ്റ ചാർജിൽ 200- 500 കിലോമീറ്റർ കിട്ടുന്നവ വിപണിയിൽ സുലഭം. എട്ടു വർഷം വരെ വാറണ്ടിയുമുണ്ട്.
2025ൽ രാജ്യത്ത് ഇലക്ട്രിക് യാത്രാവാഹനങ്ങൾ ഏറ്റവും കൂടുതൽ രജിസ്റ്റർ ചെയ്തത് മഹാരാഷ്ട്രയിലാണ്. കർണാടക രണ്ടാമതും കേരളം മൂന്നാം സ്ഥാനത്തുമെത്തി. വില്പനയിൽ ഡൽഹി നാലും തമിഴ്നാട് അഞ്ചും സ്ഥാനങ്ങൾ നേടി. അതേസമയം, ഇ - കാർഗോ വാഹനങ്ങളും ചേരുമ്പോൾ വില്പനയിൽ മുന്നിൽ ഉത്തർപ്രദേശാണ്. ഇ വാഹനങ്ങൾക്ക് ഏറ്റവും കൂടുതൽ സബ്‌സിഡി നൽകുന്ന സംസ്ഥാനം മഹാരാഷ്ട്ര.
ലാഭം, സുഖകരം
1 ഇന്ധന വില കുറയാത്തതാണ് യുവാക്കളെയുൾപ്പെടെ പ്രധാനമായും വൈദ്യുത വാഹനങ്ങളിലേക്ക് തിരിച്ചത്. ഡ്രൈവിംഗും സുഖകരം
2 താരതമ്യേന കുറവാണ് മെയിന്റനൻസ് ചെലവ്. ലോംഗ് ലൈഫും മികച്ച മൈലേജുമുള്ള മോഡലുകൾ
3 ഫാസ്റ്റ് ചാർജിംഗ് സ്‌റ്റേഷനുകൾ ധാരാളം. സോളാർ വൈദ്യുതി വ്യാപകമായതോടെ വീടുകളിലും ചാർജിംഗ് പ്രശ്‌നമല്ലാതായി
ഇലക്ട്രിക് വാഹന
രജിസ്‌ട്രേഷൻ
2023
75,814
2024
83,268
2025 നംവംബർ വരെ
95,899
2025ലെ വിൽപന
ജനുവരി 8,113 ഫെബ്രു 6,569 മാർച്ച് 10,025 ഏപ്രിൽ 7,700 മേയ് 8,942 ജൂൺ 8,693 ജൂലായ് 8,892 ആഗസ്റ്റ് 10,904 സെപ്‌റ്റംബർ 9,881 ഒക്ടോബർ 9,141 നവംബർ 7,039