തട്ടിപ്പ് ഹോംസ്റ്റേകൾ അടച്ചുപൂട്ടിക്കും

Thursday 25 December 2025 12:11 AM IST

 രജിസ്ട്രേഷനില്ലാത്തവ 3000

തിരുവനന്തപുരം: കേരളത്തിൽ അംഗീകാരമുള്ള ഹോം സ്റ്റേകൾ 1200 മാത്രം. എന്നാൽ 3000ത്തിലധികം അംഗീകാരമില്ലാതെ പ്രവർത്തിക്കുന്നു. ഇവിടങ്ങളിൽ സുരക്ഷാവീഴ്ച പതിവായതോടെ കടുത്ത നടപടിക്ക് തുടക്കമിട്ട് ടൂറിസം വകുപ്പ്.

സർക്കാർ ക്ലാസിഫിക്കേഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്തവയ്ക്ക് ആദ്യം നോട്ടീസ് നൽകും. നിശ്ചിത സമയത്തിനുള്ളിൽ അംഗീകാരം നേടിയില്ലെങ്കിൽ അടച്ചുപൂട്ടിക്കും.

അംഗീകാരമുള്ളവയ്ക്ക് ബ്രാൻഡ് സിംബലും, ക്യൂ.ആർ കോഡും നൽകും. വിനോദസഞ്ചാരികൾക്ക് തിരിച്ചറിയാൻ

മുദ്ര‌യുള്ള ബോർഡുകൾ മുന്നിൽ സ്ഥാപിക്കും. സ്റ്റേകളുടെ വിശദവിവരം പൊലീസിനും തദ്ദേശ സ്ഥാപനങ്ങൾക്കും കൈമാറും. അംഗീകാരമില്ലാത്തവ ഓൺലൈൻ പോർട്ടലുകളിൽ രജിസ്റ്റർ ചെയ്യുന്നത് തടയും.

ഫ്ളാറ്റുകൾക്ക് സർവീസ് വില്ലകളായി പ്രവർത്തിക്കാനും അംഗീകാരം നേടണം. റസിഡന്റ്സ് അസോസിയേഷന്റെ അനുമതിക്കൊപ്പമാണ് അപേക്ഷിക്കേണ്ടത്.

സർക്കാർ മാനദണ്ഡപ്രകാരം ഉടമസ്ഥർ കൂടി ഹോംസ്റ്റേയിൽ താമസിക്കണം. ലഭ്യമാക്കുന്ന സൗകര്യങ്ങൾ അടിസ്ഥാനമാക്കി സിൽവർ, ഡയമണ്ട്, ഗോൾഡ് എന്ന് തരംതിരിച്ചാണ് അംഗീകാരം നൽകുന്നത്. പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, ഭക്ഷ്യസുരക്ഷാ രജിസ്‌ട്രേഷൻ എന്നിവ നിർബന്ധമാണ്.

ഇല്ലാത്ത സൗകര്യം

പറഞ്ഞ് ബുക്കിംഗ്

 മൂന്നാറിലും കടൽത്തീരങ്ങളോട് ചേർന്നുമാണ് കൂടുതലും ഹോം സ്‌റ്റേകൾ

 ഒട്ടും സൗകര്യമില്ലാത്ത തട്ടിക്കൂട്ട് സ്ഥാപനങ്ങളും ഇതിലുണ്ട്

 ഓൺലൈൻ വഴിയാവും ബുക്കിംഗ്. മികച്ച സൗകര്യമുണ്ടെന്ന് വാഗ്ദാനം

 എത്തുമ്പോഴാണ് തട്ടിപ്പ് തിരിച്ചറിയുക. സൈറ്റിലുള്ള ചിത്രം സഹിതം വ്യാജമായിരിക്കും