ഫിംഗർ പ്രിന്റ് ബ്യൂറോയിൽ കൂടുതൽ തസ്തികകൾ

Thursday 25 December 2025 12:19 AM IST

തിരുവനന്തപുരം: പൊലീസ് ഫിംഗർ പ്രിന്റ് ബ്യൂറോയിൽ മൂന്ന് തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. തൃശൂർ സിറ്റി, കൊല്ലം റൂറൽ, തിരുവനന്തപുരം റൂറൽ എന്നിവിടങ്ങളിലാണിത്. കേരള സ്പോർട്സ് ഇൻഫ്രാസ്ട്രക്‌ചർ ഡെവലപ്മെന്റ് സ്കീമിന്റെ കരട് മന്ത്രിസഭായോഗം അംഗീകരിച്ചു.

നോർത്ത് പറവൂർ തത്തപ്പള്ളി - വല്ലുവള്ളി പാലത്തിന്റെ നിർമ്മാണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് 1,82,27,401 രൂപയുടെ ടെൻഡറും പഴയ ദേശീയപാത 66 ൽ ആലപ്പുഴ ജില്ലയിലെ കൊമ്മാടി മുതൽ കളർകോട് വരെയുള്ള ബി.സി ഓവർലേ പ്രവൃത്തികൾക്ക് 2,00,09,957 രൂപയുടെ ടെൻഡറും അംഗീകരിച്ചു. ആലപ്പുഴ കരുവാറ്റ പഞ്ചായത്തിലെ ഉളുവാൻ മുറവക്കുളം പാടശേഖരത്തിലെ ജലസേചന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് 1,25,32,181 രൂപയുടെ ടെൻഡർ. ഇടുക്കി വില്ലേജിലെ 30 സെന്റ് സംസ്ഥാന വനിതാ വികസന കോർപ്പറേഷന് 10 വർഷത്തേയ്ക്ക് പാട്ടത്തിന് അനുവദിക്കും.

എറണാകുളം പുതുവൈപ്പ് വില്ലേജ്, സർക്കാർ പുറമ്പോക്ക്, പുതുവൈപ്പ് വില്ലേജിലെ ലൈറ്റ് ഹൗസിനോട് ചേർന്നുള്ള തീരഭൂമി- കേരള തീര നിരീക്ഷണത്തിനായി റഡാർ സ്റ്റേഷൻ സ്ഥാപിക്കുന്നതിന് കോസ്റ്റ് ഗാർഡിന് പാട്ടത്തിന് അനുവദിക്കും. 30 വർഷത്തേയ്ക്ക് സൗജന്യ നിരക്കായ ആർ ഒന്നിന് 100 രൂപ വാർഷിക പാട്ടനിരക്കിലാണ് അനുവദിക്കുക. മലപ്പുറം സഹകരണ സ്പിന്നിംഗ് മില്ലിനുവേണ്ടി സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ മലപ്പുറം ശാഖയിൽ നിന്ന് കടമെടുത്ത 2.30 കോടി രൂപയുടെ പ്രവർത്തന മൂലധന വായ്പയുടെ സർക്കാർ ഗ്യാരന്റി കാലാവധി നാലു വർഷത്തേക്കു നീട്ടും.

കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനിയറിംഗ് കമ്പനി ലിമിറ്റഡിലെ സ്റ്റാഫ് പാറ്റേൺ പരിഷ്കരിക്കും. കോട്ടൂർ ആനപുനരധിവാസ കേന്ദ്രത്തിന്റെയും തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിന്റെയും സ്പെഷ്യൽ ഓഫീസറായുള്ള കെ.ജെ.വർഗീസിന്റെ പുനർനിയമനം 2023മാർച്ച് വരെ ദീർഘിപ്പിക്കും.

സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ അംഗീകൃത മൂലധനം നിലവിലുള്ള 15 കോടി രൂപയിൽ നിന്ന് 30 കോടി രൂപയാക്കും.

എറണാകുളം തൃക്കാക്കര നോർത്ത് വില്ലേജിൽ 99.85 സെന്റും ഗസ്റ്റ് ഹൗസും വ്യാവസായിക വികസനത്തിനായി കിൻഫ്രയ്ക്ക് കൈമാറും.