എസ്.ഐ.ആർ: വില്ലേജ് ഓഫീസുകളിൽ ഹെൽപ് ഡെസ്ക്

Thursday 25 December 2025 12:25 AM IST

തിരുവനന്തപുരം: എസ്.ഐ.ആർ കരട് വോട്ടർപട്ടികയിൽ ഉൾപ്പെടാത്ത അർഹരായവരെ സഹായിക്കാൻ വില്ലേജ് ഓഫീസുകളിൽ ഹെൽപ് ഡെസ്കുകൾ തുറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വില്ലേജ് ഓഫീസിൽ സൗകര്യമില്ലെങ്കിൽ തൊട്ടടുത്ത സർക്കാർ ഓഫീസുകളിൽ സൗകര്യമൊരുക്കും. ഹെൽപ്പ് ഡെസ്‌ക്കുകളിൽ രണ്ട് ഉദ്യോഗസ്ഥരെ വീതം ചുമതലപ്പെടുത്തും. ആവശ്യമായ സംവിധാനങ്ങളൊരുക്കുന്നതിന് അതത് ജില്ലാ കളക്ടർമാരെ ഇന്നലെ ചേർന്ന മന്ത്രിസഭായോഗം ചുമതലപ്പെടുത്തി. ഉന്നതികൾ, തീരദേശമേഖല, മറ്റ് പിന്നാക്ക പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നേരിട്ടെത്തി അർഹരായവരെ സഹായിക്കും. ഇതിനായി അങ്കണവാടി, ആശ വർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ എന്നിവരുടെ സേവനം ഉപയോഗപ്പെടുത്തും. 18 വയസ് പൂർത്തിയായവർ വോട്ടർപ്പട്ടികയിൽ ഉൾപ്പെടുന്നുവെന്ന് ഉറപ്പുവരുത്തും.

എസ്.ഐ.ആർ കരട് പട്ടികയിൽ നിന്ന് 24,08,503 പേരാണ് ഒഴിവാക്കപ്പെട്ടത്. പട്ടികയിൽ ഉൾപ്പെട്ടവരിൽ 19,32,000 പേർ വോട്ടവകാശം ഉറപ്പാക്കാൻ രേഖകളുമായി വീണ്ടും ഹിയറിംഗിന് ഹാജരാകേണ്ടിവരും. 18 മുതൽ 40 വയസുവരെയുള്ളവർ അവരുടെ ബന്ധുത്വം 2002ലെ വോട്ടർ പട്ടികയുമായി ബന്ധപ്പെടുത്തണം എന്ന നിബന്ധനയുള്ളതുകൊണ്ടാണിത്. ഇത് കണക്കിലെടുത്താണ് സംസ്ഥാന സർക്കാർ ഇടപെടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.