കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയുടെ വഴി അടയുന്നു; പ്രതിഷേധം ശക്തം

Thursday 25 December 2025 12:54 AM IST
കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിക്ക് മുൻവശം കെട്ടി അടച്ചനിലയിൽ

കരുനാഗപ്പള്ളി: ദേശീയപാത 66-ന്റെ വികസനം പൂർത്തിയാകുന്നതോടെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്കുള്ള പ്രവേശന മാർഗങ്ങൾ പൂർണമായും അടയുമെന്ന് ആശങ്ക. ആശുപത്രിക്ക് മുൻവശം പ്രത്യേക പ്രവേശന കവാടം നിർമ്മിക്കണമെന്ന ആവശ്യം ഉന്നയിച്ച് ജനകീയ പ്രതിഷേധം ശക്തമാകുകയാണ്. കായംകുളത്തിനും കൊല്ലത്തിനും മദ്ധ്യേയുള്ള ഏറ്റവും പ്രധാനപ്പെട്ട ഈ സർക്കാർ ആശുപത്രിയുടെ പ്രവർത്തനത്തെ പുതിയ പരിഷ്കാരം പ്രതികൂലമായി ബാധിക്കുമെന്നാണ് നാട്ടുകാർ പറയുന്നത്.

കിലോമീറ്ററുകൾ ചുറ്റണം

പ്രതിദിനം രണ്ടായിരത്തോളം രോഗികളാണ് താലൂക്ക് ആശുപത്രിയെ ആശ്രയിക്കുന്നത്. നിലവിലെ പാത നിർമ്മാണം പൂർത്തിയായാൽ ഓച്ചിറ ഭാഗത്തുനിന്നും ബസിലെത്തുന്ന രോഗികൾക്ക് ആശുപത്രിക്ക് മുന്നിൽ ഇറങ്ങാനാവില്ല. പകരം കിലോമീറ്ററുകളോളം തെക്കോട്ട് യാത്ര ചെയ്ത് ചുറ്റിക്കറങ്ങി മാത്രമേ ആശുപത്രിയിൽ എത്താൻ കഴിയൂ. ഇത് പാവപ്പെട്ട രോഗികൾക്ക് ഓട്ടോറിക്ഷ അടക്കമുള്ള വാഹനങ്ങളെ ആശ്രയിക്കേണ്ടി വരുന്നതിലൂടെ വലിയ സാമ്പത്തിക ബാദ്ധ്യതയും യാത്രാക്ലേശവും ഉണ്ടാക്കും.

അടിയന്തര ചികിത്സക്ക് ഭീഷണി

ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്നത് ആംബുലൻസ് സർവീസുകളാണ്. ആശുപത്രിയിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുന്ന ഗുരുതരാവസ്ഥയിലുള്ള രോഗികളെയും കൊണ്ട് പോകുന്ന ആംബുലൻസുകൾക്ക് പുതിയകാവ് ജംഗ്ഷനിൽ പോയി യൂടേൺ എടുക്കേണ്ടി വരും. ഇതിനായി ഏകദേശം അഞ്ച് കിലോമീറ്റർ അധികം സഞ്ചരിക്കേണ്ടി വരുന്നത് വിലപ്പെട്ട സമയം നഷ്ടപ്പെടുത്തും. അത്യാസന്ന നിലയിലുള്ള രോഗികളുടെ ജീവന് തന്നെ ഇത് വലിയ ഭീഷണിയായി മാറും.

ഫ്ലൈഓവർ സ്പാനുകൾ

നിലവിൽ കരുനാഗപ്പള്ളി ടൗണിൽ ലാലാജി ജംഗ്ഷൻ മുതൽ ഗവ.ഹയർ സെക്കൻഡറി സ്കൂൾ വരെയാണ് ഫ്ലൈഓവർ നിർമ്മിക്കുന്നത്. ഈ ഫ്ലൈഓവറിന്റെ രണ്ട് സ്പാനുകൾ കൂടി വടക്കോട്ട് നീട്ടുകയാണെങ്കിൽ ആംബുലൻസുകൾക്കും മറ്റ് വാഹനങ്ങൾക്കും ഇതിനടിയിലൂടെ സുഗമമായി ആശുപത്രിയിലേക്ക് തിരിയാൻ സാധിക്കും. ഈ സാങ്കേതിക സാദ്ധ്യത പരിശോധിച്ച് നടപടി എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഹൈവേ അതോറിട്ടി ഇടപെടണം

ആശുപത്രിയുടെ പുതിയ കെട്ടിടം കൂടി പൂർത്തിയാകുന്നതോടെ എത്തുന്ന രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടാകും. ഈ സാഹചര്യം മുൻകൂട്ടി കണ്ട്, ആംബുലൻസുകൾക്ക് സുഗമമായി കയറാനും ഇറങ്ങാനും കഴിയുന്ന വിധത്തിൽ പ്രവേശന കവാടം ഒരുക്കാൻ നാഷണൽ ഹൈവേ അതോറിട്ടി അടിയന്തര നടപടി സ്വീകരിക്കണം. രോഗികളുടെ ജീവന് മുന്തിയ പരിഗണന നൽകി പാതയുടെ പ്ലാനിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തണമെന്നും ജനങ്ങൾ ആവശ്യപ്പെടുന്നു.