കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളില്‍ മുറികള്‍ കിട്ടാനില്ല; എല്ലായിടത്തും വന്‍ തിരക്ക്

Thursday 25 December 2025 12:01 AM IST

കൊച്ചി: ക്രിസ്മസ്, നവവത്സര, ഉത്സവകാലം സജീവമായതോടെ സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ നിറയുന്നു. പ്രമുഖ കേന്ദ്രങ്ങളില്‍ മുറികള്‍ കിട്ടാനില്ല. വിമാന സര്‍വീസുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഉയര്‍ന്ന നിരക്കും ബാധിച്ചതാണ് തിരിച്ചടി.

ക്രിസ്മസും നവവത്സരവും ആഘോഷിക്കാന്‍ വിദേശികളും സ്വദേശികളും സംഘങ്ങളായാണ് കേരളത്തിലെത്തുന്നത്. മലബാര്‍ മുതല്‍ കോവളം വരെയുള്ള സഞ്ചാരികളുടെ പ്രവാഹം മാര്‍ച്ച് വരെ നീളുമെന്നാണ് വിനോദസഞ്ചാര മേഖലയിലുള്ളവര്‍ പറയുന്നത്.

കണ്ണൂര്‍, വയനാട്, കോഴിക്കോട്, കൊച്ചി, മൂന്നാര്‍, തേക്കടി, ആലപ്പുഴ, കുമരകം, വര്‍ക്കല, കൊല്ലം, തിരുവനന്തപുരം, കോവളം തുടങ്ങിയ പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ആഴ്ചകളായി വന്‍തിരക്കാണ്. ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹോം സ്റ്റേകള്‍ എന്നിവയിലെ ബഹുഭൂരിപക്ഷം മുറികളും ജനുവരി പകുതി വരെ പൂര്‍ണമായും ബുക്ക് ചെയ്തുകഴിഞ്ഞു. നവംബറിലെ സഞ്ചാരിപ്രവാഹം ഡിസംബറില്‍ ഇല്ലെന്ന് സംരംഭകര്‍ പറയുമ്പോഴും കാര്യമായ കുറവ് സംഭവിച്ചിട്ടില്ലെന്ന് ടൂറിസം വകുപ്പ് അധികൃതര്‍ പറഞ്ഞു.

പാക്കേജുകള്‍ പലവിധം

ഒമ്പത് മുതല്‍ 15 ദിവസം വരെ നീളുന്ന കേരളം മുഴുവന്‍ സന്ദര്‍ശിക്കാനുള്ള പാക്കേജ്

കൂടുതലായും ബുക്ക് ചെയ്തത് വിദേശികളും ഉത്തരേന്ത്യക്കാരും

കണ്ണൂരിലോ കോഴിക്കോട്ടോ വിമാനമിറങ്ങി മലബാര്‍ സന്ദര്‍ശിച്ച്, കൊച്ചി, മൂന്നാര്‍, തേക്കടി, കുമരകം, വര്‍ക്കല, കോവളം, കന്യാകുമാരി എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് തിരുവനന്തപുരം വഴി മടങ്ങുന്ന പാക്കേജുകള്‍ക്ക് പ്രിയം

വിമാന നിരക്കും റദ്ദാക്കലും തിരിച്ചടി

ഇന്‍ഡിഗോ, എയര്‍ ഇന്ത്യ വിമാന സര്‍വീസുകളിലുണ്ടായ പ്രശ്നങ്ങള്‍ വിദേശ, ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തില്‍ കുറവ് വരുത്തിയെന്ന് ടൂറിസം മേഖലയിലുള്ളവര്‍ പറയുന്നു. വിദേശികള്‍ ബുക്ക് ചെയ്തിരുന്ന നിരവധി പാക്കേജുകള്‍ റദ്ദാക്കിയതായി ട്രാവല്‍, ടൂറിസം ഏജന്‍സികള്‍ പറഞ്ഞു. ഡല്‍ഹിയിലോ മുംബയിലോ വിമാനമിറങ്ങിയാല്‍ കേരളത്തിലെത്താന്‍ 45,000 രൂപ വരെയാണ് കണക്ഷന്‍ചാര്‍ജ്.

വിമാനക്കമ്പനികള്‍ പെട്ടെന്ന് സര്‍വീസുകള്‍ റദ്ദാക്കുന്നതും ടെര്‍മിനലില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതും ഉയര്‍ന്ന നിരക്കുകള്‍ മൂലം വിദേശ എയര്‍ലൈനുകള്‍ സര്‍വീസ് ഉപേക്ഷിക്കുന്നതും തിരിച്ചടിയാകുമെന്ന് ട്രാവല്‍ ഏജന്റുമാര്‍ പറഞ്ഞു.

തിരക്കുണ്ടെങ്കിലും പ്രതീക്ഷിച്ച സഞ്ചാരിപ്രവാഹം സംഭവിക്കുന്നില്ല. വിമാന നിരക്ക് തടസമാണ്. - ജോസ് പ്രദീപ്, പ്രസിഡന്റ്, കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി

സഞ്ചാരികളെയും വിമാനക്കമ്പനികളെയും നിലനിറുത്താന്‍ വിമാനത്താവളങ്ങള്‍ അടിയന്തര ഇടപെടലുകള്‍ നടത്തണം. - പൗലോസ് കെ. മാത്യു, കേന്ദ്ര സമിതി അംഗം, ട്രാവല്‍ ഏജന്റ്‌സ് ഫെഡറേഷന്‍ ഒഫ് ഇന്ത്യ

ഉത്സവകാലത്ത് സഞ്ചാരികളുടെ പ്രവാഹമുണ്ടെങ്കിലും കൂടുതല്‍ സേവനങ്ങള്‍ ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. - മറിയാമ്മ ജോസ്, സംസ്ഥാന പ്രസിഡന്റ്, ട്രാവല്‍ ഏജന്റ്‌സ് അസോസിയേഷന്‍ ഒഫ് ഇന്ത്യ