കൊട്ടാരക്കരയിൽ ട്രാൻ.ബസ് വൈദ്യുത പോസ്റ്റിലിടിച്ചു, 2 യാത്രികർക്ക് നിസാര പരിക്ക്
കൊട്ടാരക്കര: എം.സി റോഡിൽ കൊട്ടാരക്കരയിൽ കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസ് റോഡരികിലെ തെരുവ് വിളക്കിന്റെ പോസ്റ്റിൽ ഇടിച്ചു. ബസിന്റെ മുൻഭാഗം തകർന്നു. ഇന്നലെ രാത്രി ഏഴിന് കൊട്ടാരക്കര- അടൂർ റോഡിൽ കുന്നക്കരയിലാണ് അപകടമുണ്ടായത്. ബസ് യാത്രികരായ രണ്ടുപേർക്ക് നിസാര പരിക്കേറ്റു. ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം ഡിപ്പോയിലെ ബസാണ്, കൊട്ടാരക്കര സ്റ്റാൻഡിൽ പ്രവേശിച്ച ശേഷം കോട്ടയം ഭാഗത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. എതിർദിശയിൽ ഓവർടേക്ക് ചെയ്തുവന്ന വാഹനത്തിൽ ഇടിക്കാത്തവിധം ഇടത്തോട്ട് വെട്ടിത്തിരിച്ചപ്പോഴാണ് പോസ്റ്റിൽ ഇടിച്ചത്. വേഗത കുറവായിരുന്നുവെങ്കിലും തെരുവ് വിളക്കിന്റെ പോസ്റ്റ് ഇടിച്ച് തെറിപ്പിച്ചു. മറ്റൊരു കാറിൽ ഈ പോസ്റ്റ് തട്ടുകയുമുണ്ടായി. ക്രിസ്മസ് തലേന്നായതിനാൽ റോഡിൽ വലിയ തോതിൽ തിരക്കുണ്ടായിരുന്നുവെങ്കിലും അനിഷ്ട സംഭവങ്ങൾ ഉണ്ടായില്ല. ഏറെനേരം ഗതാഗത തടസമുണ്ടായി. വൈദ്യുതി ബോർഡ് ജീവനക്കാരെത്തി വൈദ്യുതി ബന്ധം ഓഫ് ചെയ്തു. കൊട്ടാരക്കര പൊലീസ് കേസെടുത്തു.