എ.ആർ ക്യാമ്പ് മുതൽ പാർവതി മിൽ വരെ: പില്ലറുകളിൽ ഉയരപ്പാത

Thursday 25 December 2025 12:36 AM IST

കൊല്ലം: കൊല്ലം കോർപ്പറേഷൻ ഓഫീസിന് സമീപത്തെ എ.ആർ ക്യാമ്പ് മുതൽ പാർവതി മിൽ വരെ 1500 മീറ്റർ നീളത്തിൽ ഫ്ലൈ ഓവർ നിർമ്മിക്കാൻ ആലോചന. ഇത്തവണത്തെ സംസ്ഥാന ബഡ്ജറ്റിൽ ഫ്ലൈ ഓവർ നിർമ്മാണത്തിനുള്ള പഠനത്തിന് പണം അനുവദിച്ചേക്കും.

നഗരഹൃദയമായ ചിന്നക്കട, എയർപോർട്ട് മോഡൽ വികസനം പൂർത്തിയാകുന്ന കൊല്ലം റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലെ ഗതാഗതം സുഗമമാക്കുന്നതിനാണ് ഫ്ലൈ ഓവർ ആലോചിക്കുന്നത്. നേരത്തെ ഭരണാനുമതി ലഭിച്ച സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കാനാണ് നീക്കം.

നിർമ്മാണം, സ്ഥലമേറ്റെടുക്കൽ എന്നിവ സിറ്റി റോ‌ഡ് ഇംപ്രൂവ്മെന്റ് പദ്ധതിയുടെ ഭാഗമാക്കും. എ.ആർ ക്യാമ്പ് മുതൽ പാർവതി മിൽ വരെ വശങ്ങളിൽ കൂടുതൽ സർക്കാർ ഭൂമിയായതിനാൽ കാര്യമായ സ്ഥലമേറ്റെടുക്കൽ വേണ്ടിവരില്ല. റൗണ്ട് എബൗണ്ട് നിർമ്മിച്ച് ഗതാഗത ക്രമീകരണം എർപ്പെടുത്താനുള്ള വിസ്തൃതി ഇപ്പോൾ തന്നെ ഉള്ള സ്ഥലങ്ങളായതിനാലാണ് എ.ആർ ക്യാമ്പിന് മുന്നിൽ നിന്ന് തുടങ്ങി പാർവതി മില്ലിന് മുന്നിൽ അവസാനിപ്പിക്കുന്നത്. ചിന്നക്കടയിൽ അടക്കം ഫ്ലൈ ഓവറിനടിയിലുള്ള സ്ഥലം പാർക്കിംഗിന് പ്രയോജനപ്പെടുത്താം.

11 മീറ്ററിൽ രണ്ടുവരി ഫ്ലൈ ഓവർ

ഇരുവശങ്ങളിലും നടപ്പാത സഹിതം 11 മീറ്ററിൽ രണ്ടുവരി ഫ്ലൈ ഓവറാണ് ലക്ഷ്യമിടുന്നത്. ഇരുവശങ്ങളിലും സർവീസ് റോഡുണ്ടാകും. എ.ആർ ക്യാമ്പിന് പകരം കർബല ജംഗ്ഷനിൽ നിന്ന് ഫ്ലൈ ഓവർ ആരംഭിക്കുന്നതും പരിഗണിക്കും. ഉചിതമായ സ്ഥലം പഠനത്തിലൂടെ നിശ്ചയിക്കും. ഫ്ലൈ ഓവർ വന്നാൽ കൊല്ലം റെയിൽവേ സ്റ്റേഷനിലെ മൾട്ടി ലെവൽ പാർക്കിംഗ് ടവറിനെയും എതിർവശത്തുള്ള സർഫസ് പാർക്കിംഗ് ഏരിയയെയും ബന്ധിപ്പിച്ചുള്ള അടിപ്പാത നിർമ്മാണം ഒഴിവാക്കാം.

നീളം-1500 മീറ്റർ

വീതി-11 മീറ്റർ നിർമ്മാണം പില്ലറുകളിൽ