എലിവേറ്റഡ് ഫ്ലൈ ഓവറിനായി കൊട്ടിയത്ത് റിലേ സമരം

Thursday 25 December 2025 12:45 AM IST

കൊല്ലം: മൈലക്കാട് മുതൽ പറക്കുളം വരെ തുറന്ന പാലം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് കൊട്ടിയത്ത് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ പ്രക്ഷോഭം ആരംഭിച്ചു. ഇതേ ആവശ്യം ഉന്നയിച്ച് പറക്കുളം ജനകീയ സമിതി ആരംഭിച്ച റിലേ നിരാഹാര സത്യാഗ്രഹം മൂന്ന് ദിവസം പിന്നിട്ടു.

സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ കൊട്ടിയത്ത് നടന്ന സമര പ്രഖ്യാപന കൺവെൻഷൻ എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. കേരളത്തിൽ മണ്ണുകൊണ്ട് നിർമ്മിച്ച വാൾ ഒഴിവാക്കി തൂണുകളിലുള്ള പാലം നിർമ്മിക്കുമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്ഗരി ലോക്സഭയിൽ ഉറപ്പു നൽകിയിരുന്നതായും എന്നാൽ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ അത് മുഖവിലക്കെടുക്കാതെ നിർമ്മാണവുമായി മുന്നോട്ടു പോവുകയാണെന്നും നിർമ്മാണം അടിയന്തരമായി നിറുത്തിവയ്ക്കണമെന്നും എം.പി ആവശ്യപ്പെട്ടു. വിഷയത്തിൽ ബി.ജെ.പി ഒപ്പം ഉണ്ടാകുമെന്ന് ദക്ഷിണ മേഖല അദ്ധ്യക്ഷൻ ബി.ബി.ഗോപകുമാർ പറഞ്ഞു.

സമരസമിതി ചെയർമാൻ എസ്. കബീർ അദ്ധ്യക്ഷനായി. സി.പി.എം ഏരിയ സെക്രട്ടറി എസ്.ഫത്തഹുദീൻ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ദിലീപ്, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സുൽഫിക്കർ സലാം, സമരസമിതി കൺവീനർ എസ്.പളനി, കൊട്ടിയം പൗരവേദി പ്രസിഡന്റ് അഡ്വ. കൊട്ടിയം എൻ.അജിത്ത് കുമാർ, ഫാ. ബോബി ജോൺ, റൈസിംഗ് കൊട്ടിയം പ്രസിഡന്റ്‌ അലോഷ്യസ് റൊസാരിയോ, ബിജു സൂര്യ, സന്തോഷ്‌ പുല്ലാംകുഴി, റോയൽ സമീർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ എന്നിവർ സംസാരിച്ചു.

സമരസമിതിയുടെ നേതൃത്വത്തിലുള്ള അനിശ്ചിതകാല റിലേ സായാഹ്ന ധർണ മാദ്ധ്യമപ്രവർത്തകൻ എസ്.സുധീശൻ ഉദ്ഘാടനം ചെയ്തു. പറക്കുളത്ത് ഇന്നലെ നിസാം അരിപ്പയിൽ നിരാഹാരം അനുഷ്ഠിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ്‌ പ്രശാന്ത് ഉദ്ഘാടനം ചെയ്തു.