സ്കിൻ ബാങ്കിലേക്ക് ആദ്യദാനം: തിരുവനന്തപുരം മെഡി.കോളേജിൽ ചരിത്രംകുറിച്ച് ശസ്ത്രക്രിയ
തിരുവനന്തപുരം: മസ്തിഷ്ക മരണം സംഭവിക്കുന്നവരുടെ ചർമ്മം ദാനം ചെയ്യുന്ന പുണ്യകർമ്മത്തിന് തിരുവനന്തപുരം മെഡിക്കൽ കോളേജ് വേദിയായി. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ആദ്യത്തെ ചർമ്മം വേർതിരിക്കൽ ശസ്ത്രക്രിയയെന്ന ചരിത്രം പിറന്നു. ഇതു വച്ചുപിടിപ്പിക്കുന്നതിലൂടെ
മാരകമായി പൊള്ളലേറ്റവരുടെയും മറ്റും ജീവൻ രക്ഷിക്കാൻ കഴിയും.
കഴിഞ്ഞ സെപ്തംബറിൽ ചർമ്മം സൂക്ഷിക്കുന്നതിനടക്കമുള്ള സംവിധാനങ്ങൾ സജ്ജമായെങ്കിലും ആദ്യമായാണ് ദാനം ചെയ്യാൻ ഒരു കുടുംബം മുന്നോട്ടുവന്നതും ഡോക്ടർമാർ അതു വിജയകരമായി വേർപെടുത്തിയതും.
റോഡ് അപകടത്തെ തുടർന്നു മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം ചിറയ്ക്കര ഇടവട്ടം സ്വദേശി എസ്. ഷിബുവിന്റെ (46) ചർമ്മം നൽകാമെന്ന ബന്ധുക്കളുടെ
തീരുമാനമാണ് സ്കിൻ ബാങ്കിന്റെ പ്രവർത്തനത്തിൽ നിർണായകമായത്.
പ്ലാസ്റ്റിക് സർജറി വിഭാഗം മേധാവിയും ബേൺസ് സ്റ്റേറ്റ് നോഡൽ ഓഫീസറുമായ ഡോ. പ്രേംലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഒന്നര മണിക്കൂർ നീണ്ട ശസ്ത്രക്രിയയിൽ തുടയുടെ പിൻഭാഗത്തു നിന്ന് ചർമ്മം എടുത്തത്. ഒരു വ്യക്തി മരിച്ചു ആറു മണിക്കൂറിനകമാണ് എടുക്കുന്നത്. പ്രത്യേക താപനിലയിലും സംവിധാനത്തിലുമാണ് സംരക്ഷിക്കുന്നത്. മൂന്ന് ആഴ്ചത്തെ കെമിക്കൽ പ്രോസസിംഗിന് ശേഷം അത്യാവശ്യമുള്ള രോഗികൾക്ക് പ്ലാസ്റ്റിക് സർജറിയിലൂടേയും നൂതന സാങ്കേതികവിദ്യയോടെയും വച്ച് പിടിപ്പിക്കും.6.75 കോടി ചെലവഴിച്ചാണ് ബേൺസ് യൂണിറ്റിനോടൊപ്പം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സ്‌കിൻ ബാങ്ക് സജ്ജമാക്കിയത്. തൊലി മാറ്റൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ ഡോ. പ്രേംലാലിന്റെ ടീമിനെ ആരോഗ്യമന്ത്രി വീണ ജോർജ് അഭിനന്ദിച്ചു.
മൃതദേഹത്തിന്റെ പുറത്തു
കാണാത്ത ഭാഗം മാത്രം
# മൃതദേഹം വികൃതമാകാത്ത വിധം പിൻഭാഗത്തെ തുടയിൽനിന്നോ മറ്റുഭാഗങ്ങളിൽ നിന്നോ 0.1-0.9 മി. മി കനത്തിൽ ചർമ്മം വേർതിരിക്കും. മൂന്നു മാസം വരെ കേടുകൂടാതെ സംരക്ഷിക്കാൻ സാങ്കേതിക വിദ്യയുണ്ട്.
# മറ്റൊരാളുടെ നഷ്‌ടപ്പെട്ട ചർമ്മത്തിന് പകരമായല്ല ഉപയോഗിക്കുന്നത്. മുറിവുകൾ ഗുരുതരമാവാതെയും അണുബാധ ഏൽക്കാതെയും വച്ചുപിടിപ്പിക്കുകയാണ് ചെയ്യുന്നത്. അതുവഴി പലരുടേയും ജീവൻ രക്ഷിക്കാൻ കഴിയും.
#അവയവങ്ങളും രക്തവും സ്വീകരിക്കുമ്പോൾ, അനുയോജ്യമാണോയെന്ന് പരിശോധിക്കുന്നതുപോലുള്ള സങ്കീർണതയില്ല. ആർക്കും ആരുടേയും ചർമ്മം വച്ചുപിടിപ്പിക്കാം. മുറിവ് ഭേദമാവുമ്പോൾ കൊഴിഞ്ഞുപാേവും.