അട്ടപ്പാടിയിൽ ആദിവാസി യുവാവിന് മർദ്ദനം

Thursday 25 December 2025 1:27 AM IST

അഗളി: അട്ടപ്പാടി പാലൂരിൽ ആദിവാസി യുവാവിനെ ക്രൂരമായി മർദ്ദിച്ചതായി പരാതി. പച്ചമരുന്നിന്റെ വേര് മോഷ്ടിച്ചെന്ന് ആരോപിച്ച് പാലൂർ സ്വദേശി മണികണ്ഠനാണ് മർദ്ദനമേറ്റത്. തലയോട്ടി പൊട്ടിയതിനാൽ ശസ്ത്രക്രിയ വേണ്ടിവന്നു. അതിനിടെ മർദ്ദിച്ച രാമരാജ് എന്നയാൾക്കെതിരെ പൊലീസ് നടപടിയെടുത്തില്ലെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി. രാമരാജ് ഒളിവിലാണ്.

കഴിഞ്ഞ ഏഴിനാണ് സംഭവം. ആദിവാസികളിൽ നിന്ന് വേരുകൾ ശേഖരിച്ച് വിൽപ്പന നടത്തുന്നയാളാണ് രാമരാജ്. ഇയാളുടെ ഗോഡൗണിൽ നിന്ന് വേര് മോഷ്ടിച്ചെന്ന് ആരോപിച്ച് മണികണ്ഠനെ മർദ്ദിച്ചു. പിന്നാലെ വാദ്യോപകരണം കൊട്ടാനായി കോഴിക്കോട് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മണികണ്ഠൻ പോയി. എന്നാൽ തളർന്നുവീണു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ശാസ്ത്രക്രിയ നടത്തുകയുമായിരുന്നു. സംശയം തോന്നിയ ഡോക്ടർമാരാണ് പൊലീസിൽ അറിയിച്ചത്. നിസാര വകുപ്പുകൾ മാത്രമാണ് ചുമത്തിയതെന്നും നടപടിയെടുത്തില്ലെന്നും കുടുംബം ആരോപിച്ചു.